കുല്ഭൂഷണ് ജാദവിന്റെ പുതിയ വിഡിയോയുമായി പാകിസ്താന്
ഇസ്ലാമാബാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിന്റെ പുതിയ വിഡിയോയുമായി പാകിസ്താന്. ഇന്ത്യയുടെ ചാരനാണെന്ന് കുല്ഭൂഷണ് ജാദവ് കുറ്റസമ്മതം നടത്തുന്നത് വിഡിയോയിലുണ്ട്.
താന്‍ ഒരു ഇന്ത്യക്കാരനാണ്. നാവിക സേനയിലെ ഉദ്യോഗസ്ഥനാണ്. രഹസ്യാന്വേഷണത്തിനായി നിയോഗിക്കപ്പെട്ട എന്നെ സംബന്ധിച്ച് നിങ്ങളെന്തിനാണ് കളവ് പറയുന്നതെന്ന് വിഡിയോയില്‍ കുല്ഭൂഷണ് പറയുന്നുണ്ട്. പാകിസ്താന് വിദേശകാര്യ മന്ത്രാലയമാണ് വിഡിയോ പുറത്തുവിട്ടത്.
കുല്ഭൂഷണ് ജാദവിന്റെ ഭാര്യയും മാതാവും അദ്ദേഹത്തെ പാക് ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വിഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് തന്റെ മാതാവിനോടും ഭാര്യയോടും ആക്രോശിക്കുന്നത് കണ്ടു. അമ്മ വിഷമിക്കേണ്ടതില്ല. പാക് അധികൃതര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കുല്ഭൂഷണ് പറയുന്നുണ്ട്.
എന്നാല്‍ കുല്ഭൂഷണ് ജാദവിന്റേതെന്ന പേരില്‍ പാകിസ്താന് പുറത്തുവിട്ട വിഡിയോയ്ക്ക് ഒരുതരത്തിലുള്ള ആധികാരികതയുമില്ലെന്ന് ഇന്ത്യ പറഞ്ഞു. പാകിസ്താന് പുറത്തുവിട്ട വിഡിയോയില്‍ അത്ഭുതമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജാദവിന്റെ പരാമര്‍ശത്തിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ വിഡിയോയെ സംബന്ധിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."