കാണാതായ ആറുവയസുകാരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
തൊടുപുഴ: മൂന്നാറിലെ കടലാര്‍ എസ്റ്റേറ്റില്‍ നിന്നും കാണാതായ ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
എസ്റ്റേറ്റിലുള്ള തേയിലത്തോട്ടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കഴുത്തില്‍ കുരുക്കുകൊണ്ട് മുറുക്കിയതിന്റെ പാടുകളും ശരീരത്തില്‍ മുറിവേറ്റതിന്റെ അടയാളങ്ങളുമുണ്ട്. സംശയത്തിന്റെ പേരില്‍ കുട്ടിയുടെ പിതാവിനെയടക്കം പതിനാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാല്‍ ഇത് കൊലപാതകമാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് പൊലിസിന്റെ വിശദീകരണം. അസം സ്വദേശികളായ നൂര്‍മുഹമ്മദ് - റസിതന്നിസ ദമ്പതികളുടെ മകന് നൂറുദ്ദീന്‍ ആണ് മരണമടഞ്ഞത്. പുല്ലുവെട്ടാന്‍ ചെന്ന തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടത്.
വിവരമറിഞ്ഞ് മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി.
മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഷര്‍ട്ടും നിക്കറുമാണ് ധരിച്ചിരുന്നത്. കഴുത്തില്‍ തൂവാല കൊണ്ട് മുറുകിയ നിലയിലായിരുന്നു. സ്ഥിരമായി കഴുത്തില്‍ തൂവാല കെട്ടുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു. കൊലപാതകമെന്ന് ഉറപ്പിക്കാന്‍ പൊലിസിന് കഴിയാത്തതും ഇതിനാലാണ്.
കഴിഞ്ഞ 31നാണ് കുട്ടിയെ എസ്റ്റേറ്റില്‍ നിന്ന് കാണാതായത്. പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷിച്ചു വരികയായിരുന്നു.
അന്നേ ദിവസം നൂറുദ്ദീന്റെ സഹോദരന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മാതാവ് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നു.
ഉച്ചയ്ക്കു ശേഷം കുട്ടിയെ വീട്ടിലാക്കിയ ശേഷം നൂര്‍മുഹമ്മദ് വിറകുശേഖരിക്കാന്‍ പോയി തിരികെയെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."