മലിനമയമായി മാമലനാട്; പ്രതിദിനം പുറന്തള്ളുന്നത് 400 ടണ്‍ ഖരമാലിന്യം
കല്‍പ്പറ്റ: ജില്ലയില്‍ പ്രതിദിനം പുറന്തള്ളുന്നത് 400 ടണ്‍ ഖരമാലിന്യമെന്ന് റിപ്പോര്‍ട്ട്. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മത്സ്യ- മാംസ മാര്‍ക്കറ്റുകള്‍, ചെറുകിട ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ഓടകള്‍ വഴിയും ശരിയായ സെപ്റ്റിക് ടാങ്ക്- സോക്പിറ്റ് സംവിധാനമില്ലാത്ത വീടുകളില്‍ നിന്നും ജല സ്രോതസുകളിലേക്കെത്തുന്ന ദ്രവമാലിന്യങ്ങള്‍ ഇതിനു പുറമേയാണ്. ഉറവിട മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ ജനകീയമാക്കുന്നതോടൊപ്പം സാമൂഹ്യാധിഷ്ഠിതവും സ്ഥാപനാടിസ്ഥാനത്തിലുമുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളൊരുക്കാന്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നതായി ഹരിതകേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ.ടി.എന്‍ സീമക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി ശ്രീബാഷ് അറിയിച്ചു.
ഖരമാലിന്യങ്ങളുംമറ്റും ഡമ്പിങ്‌യാര്‍ഡ്, പൊതുസ്ഥലങ്ങള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിക്ഷേപിക്കുകയോ കത്തിച്ചുകളയുകയോ ആണ് ചെയ്യുന്നത്. വനപ്രദേശത്തെ മാലിന്യ നിക്ഷേപവും കത്തിക്കലും വനത്തിനും വന്യജീവികള്‍ക്കും ഭീഷണിയാണ്. ഇതുമൂലമുള്ള ആരോഗ്യ- പാരിസ്ഥിതിക പ്രശ്‌നങ്ങളും നിരവധിയാണ്. ആകെ വിസ്തൃതിയുടെ 344.14 ചതുരശ്ര കി.മീ വനപ്രദേശമായ ജില്ലയുടെ വനാതിര്‍ത്തികളില്‍ അന്യജില്ലകളില്‍ നിന്നുള്ള മാലിന്യ നിക്ഷേപം കടുത്ത ഭീഷണിയാണെ് പഠനം വ്യക്തമാക്കുന്നു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കക്കൂസ് മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്ന് 2013ല്‍ സുപ്രീം കോടതി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. ഇ- വേസ്റ്റ് സംഭരണ കേന്ദ്രങ്ങളും ഹസാര്‍ഡസ് വേസ്റ്റ് സംഭരണ കേന്ദ്രങ്ങളും ജില്ലയിലില്ല. വ്യവസായങ്ങളില്‍ നിന്നുള്ള ഇ- വേസ്റ്റ്, ഹസാര്‍ഡസ് വേസ്റ്റ് എന്നിവ ജില്ലക്കു പുറത്തുള്ള റീസൈക്ലിങ് യൂനിറ്റുകള്‍ക്ക് കൈമാറുകയാണ് ചെയ്തുവരുന്നത്. കുടുംബശ്രീ, യുവജന ക്ലബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ വാര്‍ഡുതല ശേഖരണവും കൈമാറ്റവും സംഘടിപ്പിക്കാമെന്ന് പരിഹാര മാര്‍ഗങ്ങളിലൊന്നായി ശുചിത്വമിഷന്‍ ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും ചെറുക്കുന്നതിന് ശാസ്ത്രീയമായ ഖരമാലിന്യ ശേഖരണ- സംസ്‌കരണ സംവിധാനങ്ങള്‍, സ്വീവേജ്- സെപ്‌റ്റേജ്- ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, പ്ലാസ്റ്റിക് സംഭരണ- റീസൈക്ലിങ് കേന്ദ്രങ്ങള്‍, ഹസാര്‍ഡസ്, ഇ-വേസ്റ്റ് സംഭരണകേന്ദ്രങ്ങള്‍, വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍, ടൂറിസം കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം, ജനപങ്കാളിത്തത്തോടെയുള്ള മോണിറ്ററിങ്, വിദ്യാര്‍ഥികളിലൂടെയുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഫലപ്രദമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."