ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ ഇത്തിഹാദ് അക്കാദമി വയനാട്ടിലെത്തുന്നു
കല്‍പ്പറ്റ: ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി വയനാട്ടിലെത്തുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് അവസരങ്ങളുടെ വാതിലുകളാണെന്ന് സ്ഥാപക പ്രസിഡന്റ് ഖമറുദ്ദീന്‍ അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അല്‍-ഇത്തിഹാദ് വയനാട്ടിലെ അരപ്പറ്റയില്‍ നോവ ഫുട്‌ബോള്‍ അക്കാദമിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമി ഇന്ന് വൈകുന്നേരം അഞ്ചിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. യു.എ.ഇയിലെ പ്രവാസി കുട്ടികളുടെ കായിക ഉന്നമനം ലക്ഷ്യമാക്കി നാല് വര്‍ഷമായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്നതാണ് അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി. അക്കാദമിക്കു കീഴില്‍ അബുദാബി, ദുബായ്, അല്‍ഐന്‍ എന്നിവിടങ്ങളിലായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള മൂവായിത്തോളം കുട്ടികള്‍ പരിശീലനം നടത്തുന്നുണ്ട്. നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ് അക്കാദമി കൈവരിച്ചത്. അണ്ടര്‍ 16 വിഭാഗം ഫുട്ബാള്‍ താരമായ ജേക്കബ് ജോണ്‍ കാട്ടൂക്കാരന്‍ കേരള അണ്ടര്‍ 17 ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച പ്രകടനം കാഴ്ചവക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബംഗളുരു എഫ്.സിയുടെ താരമാണ് ജേക്കബ്. ബാര്‍സലോണയുടെ ട്രയല്‍സില്‍ പങ്കെടുക്കാനും ജേക്കബിന് സാധിച്ചു. മറ്റൊരു കളിക്കാരനായ നീലകണ്ഠന്‍ ആനന്ദ് എ.ഐ.എഫ്.എഫും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി ദുബായില്‍ നടത്തിയ സ്‌കൗട്ടില്‍ പങ്കെടുത്തു. ഈ ബാലന് ജര്‍മനിയിലുള്ള ഇന്ത്യ അണ്ടര്‍ 17 ഫുട്‌ബോള്‍ ടീമിന്റെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. അക്കാദമിയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗോവയില്‍ 2016 ഓഗസ്റ്റ് 15നും കണ്ണൂരില്‍ സെപ്റ്റംബര്‍ 15നും പരിശീലനകേന്ദ്രം ആരംഭിച്ചിരുന്നു. കണ്ണൂരില്‍ 180 ഓളം കുട്ടികളാണ് പരിശീലനം നടത്തുന്നത്. ഇവരില്‍നിന്നു തെരഞ്ഞെടുത്ത 18 പേര്‍ ഏപ്രിലില്‍ ദുബായില്‍ നടക്കുന്ന സൂപ്പര്‍ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വയനാട്ടില്‍ നാല് പരിശീലന കേന്ദ്രങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് അരപ്പറ്റയിലേത്. അല്‍-ഇത്തിഹാദ് അക്കാദമിയിലെ പരിശീലകരുടെ ശിക്ഷണം ലഭിച്ച നാല് മുഴുവന്‍ സമയ കോച്ചുമാര്‍ അരപ്പറ്റയില്‍ ഉണ്ടാകും. ബത്തേരി, മാനന്തവാടി, പുല്‍പ്പള്ളി എന്നിവിടങ്ങളിലായിരിക്കും ജില്ലയിലെ മറ്റു പരിശീലന കേന്ദ്രങ്ങള്‍. ഇവയുടെ പ്രവര്‍ത്തനം വൈകാതെ തുടങ്ങും. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനും അല്‍-ഇത്തിഹാദ് തീരുമാനിച്ചിട്ടുണ്ട്. വയനാട്ടില്‍ ഭാവിയില്‍ റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ പരിശീലനകേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ഖമറുദ്ദീന്‍ പറഞ്ഞു. അക്കാദമി ചീഫ് കോച്ച് മിഖായേല്‍ സക്കറിയ, ടെക്ടനിക്കല്‍ അഡ്വസൈര്‍ ബിനോ ജോര്‍ജ്, നോവ സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി എ.വി ഹംസ, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി സഫറുള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."