സംഘശക്തി വിളിച്ചറിയിച്ച് ലക്ഷംപേരുടെ റാലി
കൊല്ലം: സംഘശക്തിയുടെ കാഹളം മുഴക്കി ലക്ഷം പേരണിനിരന്ന റാലിയോടെ ഒരുവര്‍ഷം നീണ്ടു നിന്ന ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി സമ്മേളനത്തിന്റെ സമാപനമായി. 'ഇസ്‌ലാം മാനവികതയുടെ സന്ദേശം'എന്ന പ്രമേയവുമായി മലപ്പുറം വളാഞ്ചേരിയില്‍ 2016 ഫെബ്രുവരി 17ന് തുടക്കംകുറിച്ച വജ്രജൂബിലി ആഘോഷത്തിന്റെ സമാപനമാണ് ഇന്നലെ കൊല്ലത്തു നടന്നത്.
ഇന്ത്യയില്‍ ഇസ്‌ലാമിക ചരിത്രത്തിന് തുടക്കം കുറിച്ച കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദില്‍ നിന്ന് ഇക്കഴിഞ്ഞ 7ന് ആരംഭിച്ച സന്ദേശയാത്ര എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലാ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയശേഷം 18ന് വൈകിട്ട് തിരുവനന്തപുരം പൂന്തുറയില്‍ സമാപിച്ചിരുന്നു. എട്ടു ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെത്തിയിരുന്നു.
വൈകിട്ട് ആശ്രാമം മൈതാനിയില്‍ നിന്നും തുടങ്ങിയ ഏക സിവില്‍കോഡ് വിരുദ്ധ ശരീഅത്ത് സംരക്ഷണ റാലിയില്‍ ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി നേതൃത്വം നല്‍കിയ റാലി കാണാന്‍ നഗരവീഥിയില്‍ ആയിരങ്ങള്‍ തടിച്ചുകൂടി. ജനറല്‍ കണ്‍വീനര്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി,സെക്രട്ടറിപാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, ട്രഷറര്‍ തേവലക്കര അലിയാരുകുഞ്ഞ് മൗലവി, ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ് തുടങ്ങിയവര്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട റാലി പീരങ്കി മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് വി.എം മൂസാമൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഹാസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ഠാതിഥിയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം നൗഷാദ് എം.എല്‍.എ, മേയര്‍ വി രാജേന്ദ്രബാബു, മുന്‍ എം.പി കെ എന്‍ ബാലഗോപാല്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പ്രമുഖ ഉലമാക്കള്‍, ഉമറാക്കള്‍, സാദാത്തുക്കള്‍, സൂഫിവര്യന്‍മാര്‍, സാമൂഹ്യ, സാംസ്‌ക്കാരിക, വിദ്യാഭ്യാസ നായകന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നു രാവിലെ മുതല്‍ മന്നാനിയ്യാ ഉമറുല്‍ ഫാറൂഖ് റഈസുല്‍ ഉലമാ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 'ഖുര്‍ആന്‍ പ്രഭാഷണം ഫിഖ്ഹിന്റെ ആവശ്യകത' എന്ന വിഷയത്തില്‍ പ്രബന്ധാവരണം, ആത്മസംസ്‌കര ക്ലാസ്, സംഘടനാ ചര്‍ച്ച, അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള കരട്‌രേഖ അംഗീകരിക്കല്‍ എന്നിവ നടക്കും. രാവിലെ 10.30 മുതല്‍ പ്രമുഖ സൂഫിവര്യനും പണ്ഡിതനും ജാമിഅ: മന്നാനിയ്യാ മുഹ്തമിമുമായ അതിരാംപട്ടണം മൗലാനാ കെ.ടി മുഹമ്മദ്കുട്ടി ഹസ്രത്ത്(ആറ്റാശ്ശേരി) തസ്‌കിയത്ത് പ്രഭാഷണവും ദുആ മജ്‌ലിസും നടത്തും. വജ്ര ജൂബിലിയുടെ ഭാഗമായി ദക്ഷിണകേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നിരവധി സെമിനാറുകള്‍ ഏകസിവില്‍കോഡ് വിരുദ്ധ റാലികള്‍, സമ്മേളനങ്ങള്‍, 60 നിര്‍ദ്ധനയുവതികളുടെ വിവാഹം, ജാതിമത വ്യത്യാസമില്ലാതെ കാന്‍സര്‍ ഡയാലിസിസ് രോഗികളെ ചികിത്സിക്കുന്ന കാരുണ്യചികില്‍സാ പദ്ധതികള്‍, മതമൈത്രി സമ്മേളനങ്ങള്‍ എന്നിവ സംഘടന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."