ഇന്റര്‍നെറ്റ് കട്ട് ; വില്ലേജ് ഓഫിസുകളില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങി, ജനം വലഞ്ഞു
ആറ്റിങ്ങല്‍: ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടത് ചിറയിന്‍കീഴ് താലൂക്കിലെ വില്ലേജ് ഓഫിസുകളിലെ സര്‍ട്ടിഫിക്കറ്റ് വിതരണത്തെ താറുമാറാക്കി. അടിയന്തിരആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കായി എത്തിയവര്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത് പലയിടത്തും വാക്കേറ്റത്തില്‍ കലാശിച്ചു.
ചൊവ്വാഴ്ച ഉച്ചമുതല്‍ താലൂക്കിലെ 18 വില്ലേജ് ഓഫീസുകളിലും നെറ്റ് ലഭിക്കുന്നില്ലായിരുന്നു. ഇതു സംബന്ധിച്ച് ബി.എസ്.എന്‍.എല്ലുമായി സംസാരിച്ചപ്പോള്‍ ബില്ല് അടയ്ക്കാത്തതിനാല്‍ വിച്ഛേദിച്ചതാണെന്നു മറുപടി ലഭിച്ചു. കലക്ടറേറ്റില്‍ നിന്നും നേരിട്ടാണ് വില്ലേജ് ഓഫിസുകളിലെ നെറ്റ് കണക്ഷനുള്ള ബില്ലടയ്ക്കുന്നത്. കഴിഞ്ഞ മാസത്തെ ബില്ല് അടയ്ക്കാത്തതാണ് പ്രശ്‌നമായത്.
വില്ലേജ് ഓഫിസുകളില്‍ നിന്നും ലഭിക്കുന്ന ഒട്ടുമിക്ക സര്‍ട്ടിഫിക്കറ്റുകളും അക്ഷയ കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത്ഇന്റര്‍നെറ്റ് വഴിയാണ് വിതരണം ചെയ്തുവരുന്നത്. രജിസ്റ്റര്‍ ചെയ്യുന്നമുറയ്ക്ക് വില്ലേജ് ഓഫിസര്‍ പരിശോധിച്ച് വിലയിരുത്തി കാലതാമസമില്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതായിരുന്നു രീതി. എന്നാല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതോടെ ഈ സംവിധാനം ആകെ തകിടം മറിഞ്ഞു.
പ്രതിദിനം ഒരു വില്ലേജ് ഓഫിസില്‍ 100ലധികം ഓണ്‍ലൈന്‍ അപേക്ഷകളാണ് പലസര്‍ട്ടിഫിക്കറ്റുകള്‍ക്കായി എത്തുന്നത്. ഒരു ദിവസം പെന്റിങ് ആയാല്‍ സര്‍ട്ടിഫിക്കറ്റ് കൃത്യ സമയത്ത് നല്‍കാനാവാത്ത സ്ഥിതിവരും. ഇന്ന് അവധിയായതിനാല്‍ ബില്ല് അടയ്ക്കാന്‍ അടുത്ത ദിവസം മാത്രമേ കഴിയൂ. അടച്ചു കഴിഞ്ഞാല്‍തന്നെ മൂന്നു നാല് മണിക്കൂര്‍ കഴിഞ്ഞു മാത്രമേ കണക്ഷന്‍ പുനസ്ഥാപിക്കുകയുള്ളൂ. അതായത് നാളെയും നാട്ടുകാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കില്ലെന്നു സാരം. എന്തു ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥരും നാട്ടുകാരും കുഴങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."