മറിയം ഖാലിഖിന് ജീവനാംശം: പെണ്‍കരുത്തിന്റെ പെരുമയുമായി ഇനി മടക്കം
ചാവക്കാട്: മറിയം ഖാലിഖിന് ജീവനാംശം. പെണ്‍കരുത്തിന്റെ പെരുമായുമായി ഇനി മടക്കം. ലണ്ടനിലെ വിവാഹ മോചനം കഴിഞ്ഞ് സ്‌കോട്ട്‌ലന്‍ഡുകാരി മറിയം ഖാലിഖ് ഒരു വട്ടം കൂടി കേരളത്തില്‍ വന്ന് മധ്യസ്ഥര്‍ തീരുമാനിച്ച ജീവനാംശം സ്വീകരിച്ച് പെണ്‍കരുത്തിന് പുത്തന്‍ മാതൃകയായി.
ഫേസ്ബുക്ക് പ്രണയത്തിലൂടെ സ്‌കോട്ട്‌ലന്‍ഡില്‍ പഠിക്കാനെത്തിയ തൃശൂര്‍ ചാവക്കാടിനടുത്ത അകലാട് സ്വദേശി നൗഷാദ് ഹുസൈന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയും പിന്നീട് ഉപേക്ഷിച്ചു ബ്രിട്ടന്‍ വിടുകയും ചെയ്തതോടെയാണ് ഭര്‍ത്താവിനെ തേടി മറിയം ഖാലിഖ് (35) ആദ്യം കേരളത്തിലത്തെിയത്.
ജില്ലാ പൊലിസ് സൂപ്രണ്ട് മുതല്‍ കുന്നംകുളം ഡിവൈ.എസ്.പിയും ചാവക്കാട് സി.ഐയും വടക്കേക്കാട് എസ്.ഐയും അന്ന് മറിയത്തിനോട് മോശമായി പെരുമാറിയെന്ന ആരോപണം വാര്‍ത്തയായിരുന്നു. നൗഷാദിന്റെ അകലാടുള്ള വീട്ടിലെത്തിയ ഇവരെ ഭര്‍തൃ ബന്ധുക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തി ഇറക്കിവിടുകയും ചെയ്തിരുന്നു.
കുടുംബശ്രീ നേതൃത്വത്തിലുള്ള സംഘടനയായ 'സ്‌നേഹിത' വഴി മഞ്ചേരി കോടതിയിലെ അഭിഭാഷകരും പൊതുപ്രവര്‍ത്തകരുമായ എ.പി ഇസ്മായില്‍, സുധ ഹരിദാസ് എന്നിവരുടെ സഹായത്തോടെ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. പൊലിസിന്റെ ഭാഗത്ത് നിന്ന് സഹകരണം ലഭിക്കാതെ മടങ്ങിയ മറിയം ഖാലിഖിന് രണ്ടാം വരവോടെയാണ് മധ്യസ്ഥരുടെ ഇടപെടലുണ്ടായത്. അതനുസരിച്ച് നൗഷാദുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് വിവാഹമോചനം നടത്താന്‍ സമ്മതിക്കുകയായിരുന്നു.
വിവാഹം ലണ്ടനിലെ സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരമായതിനാല്‍ അവിടം കൊണ്ടേ അവസാനിക്കുമായിരുന്നുള്ളു. അതിന് നൗഷാദിന്റേയും സമ്മത പത്രം വേണം. വിവാഹ മോചനത്തിനായി മറിയം ലണ്ടനിലേക്ക് പോയി. ഈ ജനുവരിയിലായിരുന്നു വിവാഹ മോചനം. അത് കഴിഞ്ഞാണ് അവര്‍ ഇക്കഴിഞ്ഞ 16ന് വീണ്ടുമെത്തിയത്. മഞ്ചേരിയിലെ അഭിഭാഷകരുടെ സഹായത്തോടെ കുന്നംകുളം കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ മുന്‍ ഭര്‍ത്താവ് നാഷാദിനും ബന്ധുക്കള്‍ക്കുമെതിരേ നല്‍കിയ വിവിധ പരാതികള്‍ പിന്‍വലിച്ചു. ജീവനാംശമായി മധ്യസ്ഥര്‍ തീരുമാനിച്ച തുക ചൊവ്വാഴ്ച്ചയാണ് ലഭിച്ചത്. നൗഷാദിന്റെ ബന്ധുക്കളാണ് തുക കൈമാറിയത്.
നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ തന്നെ പിതാവും സഹോദരന്മാരും നിരന്തരം നിരുത്സാഹപ്പെടുത്തിയിരുന്നതായി മറിയം ഖാലിഖ് വ്യക്തമാക്കി. കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും പറ്റി മലയാളികളായ സുഹൃത്തുക്കളില്‍ നിന്ന് തന്നെ താന്‍ മനസ്സിലാക്കിയിരുന്നു. അവര്‍ തന്ന ധൈര്യമാണ് നൗഷാദിനെ തേടാന്‍ പ്രേരണയും ധൈര്യവുമായത്. ആദ്യത്തെ വരവില്‍ ഇവിടെയുണ്ടായ കൈപ്പേറിയ അനുഭവം വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ അതെക്കുറിച്ച് പത്രങ്ങളും ദൃശ്യമാധ്യമങ്ങളും വാര്‍ത്തയാക്കിയതാണ് വീണ്ടും വരാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."