വഖ്ഫ് ബോര്‍ഡില്‍നിന്നുള്ള ആനുകൂല്യം വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തും: കെ.ടി ജലീല്‍
കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ന്യൂനപക്ഷ ക്ഷേമകാര്യ വഖ്ഫ് മന്ത്രി കെ.ടി ജലീല്‍. അഖില കേരള വഖ്ഫ് സംരക്ഷണ സമിതി കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ സമ്മേളനവും ബോധവല്‍ക്കരണ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖ്ഫ് സംബന്ധമായ തര്‍ക്കങ്ങളിലേറെയും മുസ്‌ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ക്കിടയിലെ പരാതിയുമായി ബന്ധപ്പെട്ടുള്ളവയാണ്. ഇത്തരം തര്‍ക്കങ്ങളും, പള്ളികളും മദ്‌റസകളും വഖ്ഫ് സ്വത്തുക്കളും പിടിച്ചെടുക്കാനുള്ള ശ്രമവും, നിലവിലുള്ള വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള ആദായങ്ങള്‍ കാര്യക്ഷമമായി രേഖപ്പെടുത്താത്തതും വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. സമയബന്ധിതമായി വഖഫ് മേഖലയിലെ കേസുകള്‍ ഒത്ത് തീര്‍പ്പാക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായി രണ്ടംഗ സമിതിയടങ്ങുന്ന വഖ്ഫ് ട്രിബ്യൂണല്‍ സ്ഥാപിക്കും.
വഖ്ഫ് സ്വത്തുക്കള്‍ കൃത്യമായി രേഖപ്പെടുത്തി വെബ്‌സൈറ്റ് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും, അന്യാധീനപ്പെട്ട സ്വത്തുക്കള്‍ കണ്ടെത്താന്‍ റീസര്‍വേ നടത്തുമെന്നും ഇതിനു വേണ്ടി ധനപരമായ എല്ലാ പിന്തുണയും ധനകാര്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി വിനിയോഗിക്കാനുള്ള വഖഫ് ആദായങ്ങള്‍ മറച്ചു വെക്കുന്നത് വിശ്വാസത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ.ടി.പി നസീര്‍ ഹുസൈന്‍ അധ്യക്ഷനായി. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ്, അഡ്വ.സൈനുദ്ദീന്‍, അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി, പി.ടി അബ്ദുല്‍ ഖാദര്‍, പി.ടി മൊയ്തീന്‍ കുട്ടി, എ.എം സീതിക്കുട്ടി മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."