ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ഊര്‍ജിതപ്പെടുത്തും
കാസര്‍കോട്: ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ത്വരിതപ്പെടുത്താന്‍ ജില്ലാവികസന സമിതി യോഗം നിര്‍ദേശിച്ചു. ജനുവരി ഏഴിന്റെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വകയിരുത്തുന്നതിനു നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ച് ഈ മാസം 31 നു ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ് 50 ശതമാനം തുകയാണു സമ്പൂര്‍ണ വൈദ്യുതി പദ്ധതിയ്ക്കായി നീക്കി വച്ചിട്ടുളളത്. ബാക്കി തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ജനപ്രതിനിധികളുടെ പ്രാദേശിക വികസന പദ്ധതിയില്‍ നിന്നും പട്ടികജാതി പട്ടികവര്‍ഗ വികസന ഫണ്ടില്‍ നിന്നും കണ്ടെത്തും.
ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതു സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാവികസന സമിതി യോഗത്തില്‍ അവതരിപ്പിച്ചു. സ്വകാര്യ വാഹനങ്ങളുടെ വേഗതാ പരിധി മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ അനുവദിച്ചിട്ടുളള ദേശീയപാതയില്‍ ഡിവൈഡര്‍ അത്യന്താപേക്ഷിതമാണെന്നും റോഡ് മുറിച്ചു കടക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേഗപരിധി നിയമപരമായി കുറക്കാന്‍ നടപടി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പെരിയയില്‍ എയര്‍സ്ട്രിപ് സ്ഥാപിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടും ചെലവഴിക്കാത്തത് സംബന്ധിച്ചു വിശദീകരണം ചോദിക്കും. ജില്ലയിലെ പുഴകളില്‍ നിന്ന് ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച് പരിശോധിച്ച് ജില്ലാകലക്ടര്‍ക്ക് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജലസേചന വിഭാഗം എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷനായി. എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതിനിധി കെ പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, എഡി.എം കെ അംബുജാക്ഷന്‍, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."