വിളയൂരില്‍ പന്തുരുളുന്നത് മൂന്ന് കുടുംബങ്ങളുടെ ജീവിതത്തിന്
കൊപ്പം: വിളയൂര്‍ കുപ്പൂത്ത് അഭിലാഷ് ക്ലബിന്റെ നേതൃത്വത്തില്‍ തുടങ്ങിയ മമ്മദ്ക്ക സ്മാരക ഫുട്ബോള്‍ മേളയില്‍ പന്തുരുളുന്നത് മൂന്ന് കുടുംബങ്ങളുടെ ജീവിതച്ചരടിന് നീളം കൂട്ടാന്‍. ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കിളിക്കോട്ടില്‍ ആയിഷ, പാറന്തോടന് റുഖിയ, കാന്‍സര്‍ രോഗിയായ നായരുവീട്ടില്‍ പടി ഗോപാലകൃഷ്ണന് എന്നിവരുടെ ചികിത്സക്കാണ് ഈ മേള സംഘടിപ്പിക്കുന്നത്.
ഫുട്ബോള്‍ ആസ്വദിക്കാനെത്തുന്നവരുടെ പിന്തുണ കൂടിയാവുമ്പോള്‍ തങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ കഴിയുമെന്ന ആശയാണ് മേളയുടെ ഭാരവാഹിയും സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ എസ്.പി. അബ്ദുല്‍ വാഹിദ് സുപ്രഭാതത്തോട് പങ്ക് വച്ചത്. ആറായിരം പേര്‍ക്കിരിക്കാന്‍ സൗകര്യമുള്ള താത്കാലിക സ്റ്റേഡിയത്തില്‍ സെവന്‍സ് ഫുട്ബോള്‍ രജിസ്ട്രേഷനുള്ള 24 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.
മേളയുടെ ഉദ്ഘാടനം സിനിമാ താരം വിഷ്ണു നിര്‍വഹിച്ചു.
വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി അധ്യക്ഷനായി. ഐ.എസ്.എല്‍. ഫുട്ബോള്‍ കമേന്ററേറ്റര് ഷൈജു ദാമോദരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിന് പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, സെക്രട്ടറി അബ്ദുല്‍ വാഹിദ്, ജനപ്രതിനിധികളായ വി. അഹമ്മദ് കുഞ്ഞി, പി. അബ്ദുറഹ്മാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."