എയ്ഡഡ് സ്‌കൂളുകളെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം
കുന്നംകുളം: പൊതുവിദ്യഭ്യാസത്തിലെ ന്യൂനതകള്‍ മറച്ചുവെക്കാന്‍ മികച്ച വിദ്യാഭ്യാസം നല്‍കുന്ന എയ്ഡഡ് സ്‌കൂളുകളെ സമൂഹത്തിനു മുന്നില്‍ തരം താഴ്ത്തി ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള റെക്കഗ്‌നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അധ്യാപകരുടെയും അനധ്യാപകരുടെയും സേവന വ്യവസ്ഥയും വേതനവും എകീകരിക്കുതിനു കമ്മീഷനെ വെച്ചു പഠനം നടത്തി വേണം തീരുമാനമെടുക്കണമെന്നും നിയമസഭയില്‍ അവതരിപ്പിച്ച ബില്ലില്‍
മാനേജ്‌മെന്റിന്റെ വാദം കൂടി ശേഷമേ തീരുമാനം എടുക്കാവൂയെന്നും പ്രമേയം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ്, യൂണിഫോം, പാഠപുസ്തകങ്ങള്‍ ഇവയെല്ലാം എല്ലാ കുട്ടികളുടെയും അവകാശമാണ്. കേരളത്തിലെ മക്കള്‍ക്ക് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന ഫണ്ട് കേരളത്തിലെ എല്ലാ മക്കള്‍ക്കും ലഭ്യമാക്കണം. പാഠപുസ്തകങ്ങള്‍ എയ്ഡഡ് വിവേചനം കൂടാതെ ഒരേസമയം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം കാറ്റില്‍ പറത്തി എയ്ഡഡിന്റെ വിതരണം പലകാരണങ്ങള്‍ പറഞ്ഞു വൈകിപ്പിക്കുകയുമാണ് ആരോപിച്ചു. പ്ലസ് വണ്‍,
പ്ലസ് ടു സീറ്റുകള്‍ എയ്ഡഡ് ഗവണ്‍മെന്റ് എയ്ഡഡ് വിവേചനം കൂടാതെ അനുവദിക്കുക, പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ്
അനുവദിക്കുക, എസ്.എസ്.എയുടെ ചോദ്യപേപ്പര്‍ കച്ചവടം നിര്‍ത്തലാക്കുക, തുടങ്ങിയവയാണ് അസോസിയേഷന്‍ പ്രമേയം വഴി ആവശ്യപ്പെട്ടത്. ജനങ്ങളുടെ പ്രതീക്ഷയായ എയ്ഡഡ് സ്‌കൂളുകളെ മൂന്ന് വര്‍ഷം കൊണ്ട് നശിപ്പിക്കുമെന്ന വിളംബരമാണ് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും പുറപ്പെടുവിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്കു വഹിക്കുന്ന അംഗീകൃത എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാന്‍ ഗൂഡ ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന കേരള സര്‍ക്കാരിന്റെ നയം പ്രതിഷേധാര്‍ഹം തന്നെയാണ്.
ഭരിക്കുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ക്ക് അനുസൃതമായി സംസ്ഥാനത്തെ വിദ്യാലയങ്ങളെ വേര്‍തിരിക്കുന്ന പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും പ്രമേയം മുന്നറിയിപ്പ് നല്‍കി. കുന്നംകുളം ബെഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനം ഗീതഗോപി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറര്‍ ഫാദര്‍ സോളമന്‍ ഒ.ഐ.സി അധ്യക്ഷനായി. സമ്മേളനത്തിന്റെ ലക്ഷ്യവും നയ പരിപാടികളെ കുറിച്ചുള്ള പ്രമേയവും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ ഷാജഹാന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കാര്യക്ഷമമായ സ്‌കൂള്‍ സംവിധാനം എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത ട്രെയിനര്‍ അനില്‍ നാരായണന്‍ ക്ലാസ് നടത്തി. ജീവനക്കാരുടെ പി.എഫ്, ഇ.എസ്.ഐ, സര്‍വീസ് റൂള്‍സ്, ലേബര്‍ റൂള്‍സ്, അപ്പോയ്‌മെന്റ്‌സ് തുടങ്ങി വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.
അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പൊതുജനങ്ങളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കുന്നതിനു സംസ്ഥാസെക്രട്ടറി മുജീബ് പൂളക്കല്‍ നയിക്കുന്ന വാഹനപ്രചാരണജാഥക്ക് സമ്മേളനം രൂപം നല്‍കി. ഫെബ്രുവരി ആദ്യ വാരം കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ നടക്കുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബി അബ്ദുല്‍ സത്താര്‍ ഹാജി, ആര്‍.എം ബഷീര്‍, പി.കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."