അന്തിമയങ്ങിയാല്‍ ചെക്ക്‌പോസ്റ്റുകളില്‍ ആളില്ല !
മലയിന്‍കീഴ്: മലയോര ഗ്രാമങ്ങളിലെ അതിര്‍ത്തി മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള ചെക്ക്‌പോസ്റ്റുകളില്‍ രാത്രിയായാല്‍ ഉദ്യോഗസ്ഥരുണ്ടാകാറില്ലെന്ന് ആക്ഷേപം. ഈ സമയത്ത് ഏതുവാഹനങ്ങള്‍ക്കും യഥേഷ്ടം കടന്നു പോകാവുന്ന സ്ഥിതിയാണ്. പുന്നാവൂര്‍ ,കള്ളിക്കാട്,മണ്ഡപത്തിന്‍കടവ്, എന്നിവിടങ്ങളിലെ ചെക്ക്‌പോസ്റ്റുകളെ കുറിച്ചാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
അടുത്തിടെ മാറനല്ലൂര്‍ പുന്നാവൂര്‍ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള രണ്ടു ലോറികളെ ആലപ്പുഴ വെച്ച് പിടികൂടിയിരുന്നു. തമിഴ്‌നാട്ടിലെ റേഷനരി കേരളത്തിലേക്ക് കടത്തുകയായിരുന്നു.
എന്നാല്‍ ഈ ചെക്ക് പോസ്റ്റ് വഴി സുഖമായി കടന്നുപോയി. ആലപ്പുഴയില്‍ വെച്ച് പിടിവീണു. സമാന രീതിയില്‍ കോഴി,പാന്‍മസാല,കഞ്ചാവ് ,സ്പിരിറ്റ് തുടങ്ങിയവയുടെ കടത്തും വ്യാപകമാണ്. നേരത്തെയും ഇത്തരത്തില്‍ പരാതികളുയര്‍ന്നിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
പുന്നാവൂര്‍ ചെക്ക്‌പോസ്റ്റിനോടാണ് കള്ളക്കടത്തുകാര്‍ക്ക് ഏറെ പ്രിയം. എളുപ്പവഴിയാണിത്. തമിഴ്‌നാട്ടില്‍ നിന്നും സുഖമായി ചരക്കുകള്‍ കടത്താം. പൊതുവേ ആള്‍വാസം കുറവാണെന്നതും ഇവര്‍ക്ക് അനുകൂലമാകുന്നു. പകല്‍ സമയങ്ങളിലാകട്ടെ ചെക്ക്‌പോസ്റ്റുകള്‍ ഒഴിവാക്കിയുള്ള ചില ഉള്‍വഴികളാണ് ഇവര്‍ തിരഞ്ഞെടുക്കുക.
കള്ളിക്കാട് ചെക്ക്‌പോസ്റ്റിന് ഏറെ അകലയല്ലാതെ മൈലക്കര,മങ്കാരമുട്ടം വഴി പെരിഞ്ഞാംകടവില്‍ എത്തി, പുതിയ പാലത്തിലൂടെ പെരിഞ്ഞാം കടവ് അനശ്വര ക്ലബിനു സമീപത്ത് എത്താം. പകല്‍നേരങ്ങളിലെ പരിശോധനകളെ മറികടക്കാന്‍ ഇതു പോലെ നിരവധി കുറുക്കുവഴികളുണ്ട്. ഇത്തരം റൂട്ടുകളെ കുറിച്ചും അറിവുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ അനങ്ങാറില്ല. കിമ്പളം തന്നെ കാരണം. പേരിനുവേണ്ടിയെങ്കിലും നടപടിയെടുക്കണമെങ്കില്‍ മുകളില്‍ നിന്നു വിളി വരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."