യമനില്‍ ഇറാന്‍ ഡ്രോണ്‍ വിമാനം തകര്‍ത്തതായി സഖ്യസേന; വ്യോമാക്രമണം ശക്തമായി തുടരുന്നു
റിയാദ്: യമന്‍ സര്‍ക്കാരിനെ സഹായിക്കുന്ന അറബ് സഖ്യസേന ഇറാന്റെ നേതൃത്വത്തിലുള്ള ഡ്രോണ്‍ വിമാനത്തെ തകര്‍ത്തതായി വ്യക്തമാക്കി. യമനിലെ വടക്കന്‍ തുറമുഖമായ മൊഖയില്‍ വെച്ചാണ് തകര്‍ത്തത്. ഈ പ്രദേശത്തെ ഔദ്യോഗിക സൈന്യത്തെയും സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യത്തെയും ലക്ഷ്യം വെച്ച് മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ആയുധങ്ങളുമായി ഇറാന്‍ ഡ്രോണ്‍ തൊടുത്തു വിട്ടതെന്നും എന്നാല്‍ സഖ്യസേനയിലെ യു.എ.ഇ സൈന്യം അതിന്റെ ലക്ഷ്യം തകര്‍ത്തതായും സഖ്യ സേന പറഞ്ഞു.
ഇറാന്റെ ആയുധങ്ങള്‍ വഹിച്ചുള്ള ഇത്തരം വിമാനങ്ങള്‍ അയയ്ക്കുന്നതു വ്യക്തമായതായും യമനിലെ സമാധാനം കളയാനാണ് ഇറാന്റെ ശ്രമമെന്നും യമന്‍ ഡെപ്യൂട്ടി ജനറല്‍ അഹമ്മദ് ശൈഖ് പറഞ്ഞു. അതേ സമയം, യമനിലെ തവര്‍ അല്‍ ഹാഷിം മലനിരകളില്‍ ഹൂതികളെ ലക്ഷ്യമാക്കി സഊദിയുടെ അപ്പാഷേ ഹെലികോപ്റ്ററുകള്‍ ആക്രമണം ശക്തമാക്കി. വ്യാഴാഴ്ച്ച രാത്രി മുതല്‍ തുടങ്ങിയ ആക്രമണം രണ്ടു ദിവസമായിട്ടും തുടരുകയാണ്.
സഊദി അതിര്‍ത്തി പ്രദേശമായ നജ്‌റാനിലേക്കുള്ള മിസൈല്‍ വിക്ഷേപണം നടക്കുന്നത് ഇവിടെ നിന്നാണെന്നാണ് നിഗമനം. ഒരു മിനുട്ടില്‍ 128 കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബോംബ് വര്‍ഷിക്കാന്‍ കഴിയുന്ന എ.എച്ച്.ഡി 64 ഇനത്തില്‍ പെട്ട 92 അപ്പാഷേ ഹെലികോപ്റ്ററുകളാണ് സഊദിയുടെ കൈവശമുള്ളത്. ഇതിനിടെ വെള്ളിയാഴ്ച രാത്രി സഊദിയെ ലക്ഷ്യമാക്കി ഹൂതികള്‍ യമനില്‍ നിന്നും തൊടുത്തു വിട്ട ബാലിസ്റ്റിക്ക് മിസൈലും സഖ്യസേന ആകാശത്തു വെച്ച് തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."