രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കും: രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും എസ്.പി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെയും സംയുക്ത വാര്‍ത്താസമ്മേളനം. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍.എസ്.എസിന്റെ തത്വശാസ്ത്രം രാജ്യത്ത് നടപ്പാക്കാനാണ് മോദി ശ്രമിക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് മോദിയുടെ നീക്കം. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനു ഈ ഫാസിസ്റ്റ് ശക്തികളെ തകര്‍ക്കാന്‍ കഴിയും. ഇതിന് ജനങ്ങള്‍ക്കുള്ള ഉത്തരമാണ് എസ്.പി- കോണ്‍ഗ്രസ് സഖ്യമെന്നും രാഹുല്‍ പറഞ്ഞു.
അഖിലേഷുമായി തനിക്ക് നേരത്തെയും വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നുവെന്നും സഖ്യത്തിലൂടെ ഇത് രാഷ്ട്രീയ ബന്ധമായി വളര്‍ന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുമല്‍സരിക്കാന്‍ തീരുമാനിച്ചതിനു ശേഷം ലഖ്‌നോയില്‍ ഇന്നലെ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഔദ്യോഗികമായി സഖ്യത്തിന്റെ ഉന്നതനേതാക്കള്‍ ഒന്നിച്ചുവേദിപങ്കിടുന്നതും. വാര്‍ത്താസമ്മേളനത്തില്‍ ഇരുനേതാക്കളും പൂച്ചെണ്ടുകള്‍ കൈമാറി. 289 സീറ്റില്‍ സമാജ് വാദി പാര്‍ട്ടിയും 105 സീറ്റില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്.
ഈ സഖ്യം ചരിത്രപരമാണ്. ജനങ്ങളെ വിഭജിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്ന ബി.ജെ.പിക്കുള്ള മറുപടിയാണ് ഈ സഖ്യം. ഇതൊരു അവസരവാദസഖ്യമല്ലെന്ന് മോദിയ്ക്കും ആര്‍.എസ്എസിനും തങ്ങള്‍ കാണിച്ചുകൊടുക്കും. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ട്. അലഹബാദിലെ ഗംഗ- യമുന സംഗമം പോലെ തെളിഞ്ഞതാണ് ഈ സഖ്യമെന്നും രാഹുല്‍ പറഞ്ഞു.
നോട്ട് അസാധുവാക്കി ഇന്ത്യയിലെ സാധാരണക്കാരെ വരിനിര്‍ത്തിയ മോദിക്കു ജനങ്ങള്‍ മറുപടി നല്‍കുമെന്ന് അഖിലേഷ് വ്യക്തമാക്കി. സാധാരണക്കാരെയും കര്‍ഷകരെയും മോദി ദുരിതത്തിലാക്കി. നമ്മള്‍ തണുപ്പുകാലവും ചൂടുകാലവും മഴക്കാലവും കണ്ടു. ഇതുപോലെ ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയും കണ്ടു. എന്നാല്‍ ജനങ്ങളാരെങ്കിലും മോദിയുടെ നല്ല കാലം(അച്ഛാദിന്‍) കണ്ടോ?- അഖിലേഷ് ചോദിച്ചു.
ഒരു സൈക്കിളിന്റെ രണ്ടുചക്രങ്ങളാണ് രാഹുലും അഖിലേഷും. സൈക്കിള്‍ കൈയിനൊപ്പം നില്‍ക്കുമെന്നും ഇരു പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചിഹ്നത്തെ സൂചിപ്പിച്ചു അഖിലേഷ് പറഞ്ഞു. പുരോഗതി, സമൃദ്ധി, സമാധാനം എന്നിവയാണ് എസ്.പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ മുദ്രാവാക്യമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രം സംബന്ധിച്ച ചോദ്യത്തിന് അത് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന് രാഹുല്‍ പറഞ്ഞു. കാന്‍ഷിറാമിനോടും മായാവതിയോടും തനിക്ക് ബഹുമാനമാണുള്ളത്. എന്നാല്‍ ബി.എസ്.പി ഭരണത്തിലിരുന്നപ്പോള്‍ തെറ്റുകള്‍ പറ്റി. എന്നാലും ബി.ജെ.പിയും ബി.എസ്.പിയും തമ്മില്‍ വ്യത്യാസമുണ്ട്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം രാജ്യത്തിന് അപകടകരമാണ്. ബി.എസ്.പിയുടേത് അങ്ങനെയല്ല. മായാവതിയെ ആര്‍.എസ്.എസുമായി താരതമ്യപ്പെടുത്താനാവില്ലെന്നും രാഹുല്‍ പറഞ്ഞു. ബി.എസ്പിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് ബി.എസ്.പിയുടെ ചിഹ്‌നമായ ആനയെ ഉള്‍പ്പെടുത്താന്‍ കുറെ സ്ഥലം വേണ്ടിവരുമെന്നായിരുന്നു അഖിലേഷിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."