മുക്കം കയ്യിട്ടാപൊയിലില്‍ ബിവറേജസ് ഔട്ട്‌ലെറ്റിന് നീക്കം
മുക്കം: മദ്യവില്‍പ്പനശാലകള്‍ ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൂട്ടുന്ന മദ്യ വില്‍പനശാലകള്‍ ഉള്‍പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥാപിക്കുന്നതിനായി നീക്കം നടക്കുന്നു.
കുന്ദമംഗലത്ത് ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി മുക്കത്തേക്ക് മാറ്റാനാണു ശ്രമം നടക്കുന്നത്. ഇതിനായി നിരവധിപേര്‍ തിങ്ങിപ്പാര്‍ക്കുന്ന കയ്യിട്ടാപൊയിലില്‍ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. വിവരമറിഞ്ഞു നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയിട്ടുണ്ട്.
മുക്കം-മാമ്പറ്റ റോഡില്‍ പുതിയതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിലാണു മദ്യവില്‍പനശാല തുടങ്ങാന്‍ പദ്ധതിയിടുന്നത്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് സ്ഥലം അളക്കാനെത്തിയപ്പോഴാണു നാട്ടുകാരും വിവരമറിയുന്നത്. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയും ക്ഷേത്രവുമായുമെല്ലാം കൃത്യമായി ദൂരം അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ട്. മുക്കം നഗരസഭ പോലും അറിയാതെ വളരെ രഹസ്യമായാണു പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടന്നത്.
സംഭവമറിഞ്ഞതോടെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായെത്തിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ അറുനൂറില്‍പരം പേരാണു പങ്കെടുത്തത്. എക്‌സൈസ് വകുപ്പു മന്ത്രി, എക്‌സൈസ് കമ്മിഷണര്‍, ജില്ലാ കലക്ടര്‍, എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എന്നിവര്‍ക്കു പരാതി നല്‍കാന്‍ ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. യോഗത്തിനു ശേഷം നിരവധിപേര്‍ പങ്കെടുത്ത പ്രകടനവും നടന്നു.
യോഗം കൗണ്‍സിലര്‍ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി. ബ്രിജേഷ് അധ്യക്ഷനായി. എം.കെ മമ്മദ്, ആണ്ടി കുട്ടി, ഭാസ്‌കരന്‍ കരണങ്ങാട്ട്, പി.പി ചന്ദ്രന്‍, അനില്‍കുമാര്‍, അജിത്കുമാര്‍, മരക്കാര്‍ കുറ്റിപ്പാല, പി. നോര്‍മന്‍, രാജേന്ദ്രന്‍ സംസാരിച്ചു.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍: പി. ബ്രിജേഷ് (ചെയര്‍മാന്‍), രവീന്ദ്രന്‍ എടക്കണ്ടിയില്‍ (കണ്‍വീനര്‍), കെ.എസ് രാജീവ് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."