മേല്‍മുറിയില്‍ വീണ്ടും മോഷണശ്രമം
മലപ്പുറം: മേല്‍മുറി ഭാഗത്ത് വീണ്ടും മോഷണ പരമ്പര. വ്യാഴാഴ്ച എട്ടോളം വീടുകളില്‍ മോഷണം നടന്നതിനു പിന്നാലെ ശനിയാഴ്ച രാത്രി ഏഴുവീടുകളിലാണ് മോഷണശ്രമം നടന്നത്. മേല്‍മുറി മുതല്‍ പിലാക്കല്‍ വരെയുള്ള സ്ഥലങ്ങളിലാണ് ഒരേ രീതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചു മോഷണ ശ്രമം നടന്നത്. മേല്‍മുറി 27 നടുത്തൊടി അബു ഹാജി, കുറുങ്കാട്ടില്‍ അബ്ദുറസാക്ക് എന്നിവരുടെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
രണ്ടുവീടുകളിലും അകത്തെ വാതില്‍ തുറക്കുന്ന ശബ്ദം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഏഴിടങ്ങളിലെയും മോഷണ രീതിക്കു സമാനതകളുള്ളതിനാലും ദിവസങ്ങള്‍ക്കുമുമ്പും പ്രദേശത്ത് മോഷണം നടന്നതിനാലും സംഭവത്തിനു പിന്നില്‍ വന്‍ മോഷണ സംഘമാണെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞ വ്യാഴാഴ്ച മേല്‍മുറിയില്‍ എട്ടോളം വീടുകളില്‍ നടന്ന മോഷണത്തില്‍ 17 പവന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടിരുന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്താണ് അന്നും ഇന്നലെയും മോഷണം നടന്നത്. മോഷണശ്രമം നടന്ന സ്ഥലങ്ങളില്‍ ഇന്നലെ മലപ്പുറം പൊലിസും ഡോഗ് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."