രസീലയുടെ മരണവാര്‍ത്ത വിശ്വസിക്കാനാകാതെ നാട്
കുന്ദമംഗലം: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പോലും ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ച യുവതി കൊല്ലപ്പെട്ടൂവെന്ന് വിശ്വസിക്കാന്‍ കഴിയാതെ നാട്ടുകാര്‍. പൂനെയിലെ ഇന്‍ഫോസിസ് ഓഫിസില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കിഴക്കാള്‍കടവ് ഒഴാംപൊയില്‍ രസീല കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കഴിഞ്ഞ ഞായറാഴ്ച രാത്രി തന്നെ പ്രദേശത്തുകാര്‍ അറിഞ്ഞിരുന്നു. ഒന്നരമാസം മുന്‍പാണ് അവസാനമായി രസീല വീട്ടില്‍ വന്നു മടങ്ങിയത്. രസീലയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് മരണവാര്‍ത്ത എത്തുന്നത്.
മകള്‍ക്ക് അപകടം പറ്റിയെന്നും ഉടന്‍ പൂനെയിലെത്താനും ആവശ്യപ്പെട്ടുകൊണ്ട് പിതാവ് രാജുവിനാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍ പൂനെയിലെ ഒരു സുഹൃത്തിനെ ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം അറിയുന്നത്. ഉടന്‍ തന്നെ പിതാവ് രാജുവും അമ്മാവന്‍ സുരേഷും ബന്ധുവായ വിനോദും പൂനെയിലേക്ക് തിരിച്ചു. സൈന്യത്തില്‍ നിന്നും വിരമിച്ച കിഴക്കാള്‍ കടവിലെ ഒഴാംപൊയില്‍ രാജു ഇപ്പോള്‍ കുന്ദമംഗലം പൊലിസ് സ്റ്റേഷനില്‍ ഹോം ഗാര്‍ഡായി ജോലി ചെയ്യുകയാണ്. രസീലയുടെ അമ്മ ലത അര്‍ബുദം ബാധിച്ച് മരിച്ചിട്ട് രണ്ടു വര്‍ഷമാവുന്നതേ ഉള്ളൂ. വിദേശത്ത് ജോലി ചെയ്യുന്ന ഏക സഹോദരന്‍ രജിന്‍ കുമാര്‍ സംഭവമറിഞ്ഞു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എം.കെ രാഘവന്‍ എം.പിയും മുന്‍ മഹാരാഷ്ട ഗവര്‍ണര്‍ കെ. ശങ്കരനാരായണനും മഹാരാഷ്ട്ര സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം തമിഴ്‌നാട്ടില്‍ നിന്നാണ് രസീല എന്‍ജിനിറിങ് പഠനം പൂര്‍ത്തിയാക്കിയത്.
കാംപസ് റിക്രൂട്ട്‌മെന്റ് വഴിയാണ് ഇന്‍ഫോസിസില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ആദ്യം ബംഗളൂരുവിലെ ഇന്‍ഫോസിസ് കാംപസിലായിരുന്നു നിയമനം. ആറുമാസം മുന്‍പാണ് പൂനെയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."