വരയാടുകള്‍ക്ക് 'പ്രസവാവധി' നല്‍കി ഇരവികുളം ദേശീയോദ്യാനം നാളെ അടയ്ക്കും
തൊടുപുഴ: വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനനകാലം സുരക്ഷിതമാക്കാന്‍ രാജമലയിലെ ഇരവികുളം ദേശീയോദ്യാനം നാളെ അടയ്ക്കും. ഏപ്രില്‍ ഒന്നുവരെയാണു സഞ്ചാരികള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രജനനകാലത്തു വന്‍ മുന്‍കരുതലുകളാണു വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണു വരയാടുകളുടെ പ്രസവകാലം. കിഴക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കക്കിടയിലും പുല്‍മേടുകളിലുമാണു പ്രസവം. ഒരു സീസണില്‍ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ 45 ശതമാനം മാത്രമാണു പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നത്. 30 വയസാണ് ഇവയുടെ ശരാശരി ആയുസ്. ആസ്‌ത്രേലിയയിലും പശ്ചിമഘട്ട മലനിരകളിലുമാണു ലോകത്ത് വരയാടുകള്‍ അവശേഷിക്കുന്നത്. ഭൂമുഖത്ത് ആകെയുള്ള 2,500 വരയാടുകളില്‍ 1,100ത്തിലധികം പശ്ചിമഘട്ട മലനിരകളിലാണെന്നാണു കണക്ക്. ഇവയുടെ ഏറ്റവും പ്രധാന അഭയകേന്ദ്രമാണു രാജമല. ഇവിടുത്തെ 97 ചതുരശ്രമൈല്‍ പ്രദേശമാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രം.
സമുദ്രനിരപ്പില്‍നിന്ന് 2,500 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശമാണിത്. പാറകള്‍ക്കു തമിഴില്‍ വരൈ എന്നാണു പറയുക. കിഴക്കാംതൂക്കായ പാറകളിലൂടെ അനായാസം ഓടിച്ചാടി നടക്കുന്നതിനാല്‍ ആദിവാസികള്‍ ഇവയെ വരൈ ആടുകള്‍ എന്നു വിളിച്ചു. ഇത് ലോപിച്ചാണു വരയാടായത്. നീലഗിരി താര്‍ എന്നാണ് ഇവയുടെ ആംഗലേയ നാമം. സാധാരണ ആടുകളുടെ പ്രകൃതിയുള്ള വരയാടുകള്‍ മനുഷ്യരുമായി നന്നേ ഇണങ്ങുന്നവയാണ്.
വരയാടുകളുടെ സംരക്ഷണം മുന്‍നിര്‍ത്തി 1975ലാണ് ഇരവികുളത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. കേരളത്തിലെ ഏക ദേശീയോദ്യാനവും ഇതാണ്. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി ഇരവികുളം ദേശീയോദ്യാനം മാറിക്കഴിഞ്ഞു.
വിദേശ-സ്വദേശ വിനോദസഞ്ചാരികളായ ആയിരങ്ങളാണു പ്രതിദിനം ഇവിടെയെത്തുന്നത്. 1971ല്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി തിരിച്ചെടുത്ത സ്ഥലമാണിത്. ഇവിടെ 80 ശതമാനവും പുല്‍മേടുകളാണ്. ഈ മേഖലയുടെ രാജമല ഭാഗത്തുമാത്രമാണു സഞ്ചാരികള്‍ക്കു പ്രവേശനമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."