ജലമലിനീകരണത്തിനും ഭീകരതക്കുമെതിരെയുളള ബാബുരാജിന്റെ സാഹസിക നീന്തല്‍ ശ്രദ്ധേയമായി
ആലപ്പുഴ: ജലമലിനീകരണത്തിനും ആഗോള ഭീകരതക്കുമെതിരെ ശാരീരിക വൈകല്യമുള്ള അമ്പത്തിമൂന്നുകാരന്റെ മാരത്തോണ്‍ നീന്തല്‍ ശ്രദ്ധേയമായി.ദീര്‍ഘദൂര നീന്തലില്‍ ഏഷ്യന്‍ റെക്കോര്‍ഡിനുടമയായ ടി ഡി ബാബുരാജ് ആണ് ശാരീരിക വൈകല്യത്തെ മറികടന്ന് മാരത്തോണ്‍ നീന്തല്‍ നടത്തിയത്.
കുട്ടനാട്ടില്‍ ഇന്നലെ നടത്തിയ മാരത്തോണ്‍ നീന്തല്‍ നാട്ടുകാരെയാകെ അദ്ഭുതപ്പെടുത്തുന്നതായി.കുട്ടനാട് ചമ്പക്കുളം സെന്റ് മേരീസ് ഫൊറോന ചര്‍ച്ചിന് മുന്നിലെ ചമ്പക്കുളത്താറ്റില്‍ നിന്ന് രാവിലെ ഏഴിനാണ് നീന്തല്‍ ആരംഭിച്ചത്.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് നീന്തല്‍ ഫഌഗ് ഓഫ് ചെയ്തു.
ഉച്ചക്ക് 2.10ന് വേമ്പനാട് കായലിലെ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ നീന്തല്‍ സമാപിച്ചു.26 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ബാബുരാജ് ഏഴ് മണിക്കുര്‍ 10 മിനിട്ട് കൊണ്ട് നീന്തിക്കടന്നത്.ഇത് റിക്കോഡാണ്.
നെടുമുടി, മൂന്നാറ്റുമുഖം, വട്ടക്കായല്‍ കൈനകരി വഴിയാണ് പുന്നമട ഫിനിഷിംഗ് പോയിന്റിലെ വേമ്പനാട് കായലിലെത്തിയത്.ദീര്‍ഘദൂര നീന്തലില്‍ ഏഷ്യന്‍ റെക്കോര്‍ഡിന് ഉടമയാണ് ബാബുരാജ്.പുന്നമട ഫിനിഷിഗം പോയിന്റില്‍ നീന്തല്‍ സമാപിച്ചപ്പോള്‍ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് നിമ്മി അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് ബാബുരാജിനെ സ്വീകരിച്ചു.കഴിഞ്ഞ വര്‍ഷം വേമ്പനാട് കായലില്‍ ദൈര്‍ഘ്യമേറിയ മുഹമ്മ-കുമരകം ഭാഗത്ത് 10 കിലോമീറ്റര്‍ ദൂരം നീന്തി റെക്കോര്‍ഡ് നേടിയിരുന്നു.മൂന്ന് മണിക്കൂര്‍ സമയമെടുത്താണ് പത്ത് കിലോമീറ്റര്‍ അന്ന് നീന്തിക്കടന്നത്.ഇത് ഏഷ്യന്‍ റെക്കോര്‍ഡില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം അംഗീകാരം നേടുകയും ചെയ്തു.
ഇന്നലത്തെ മാരത്തോണ്‍ നീന്തല്‍ ലോക റെക്കോര്‍ഡാകുമെന്നാണ് ബാബുരാജ് പ്രതീക്ഷിക്കുന്നത്.ഇത് സംബന്ധിച്ച് ലോക റെക്കോര്‍ഡ് അധികാരികള്‍ നീന്തല്‍ ദൃശ്യം അയക്കാന്‍ ആവശ്യപ്പെട്ടതായും ബാബുരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."