ചിറപ്പുറത്തെ ഖരമാലിന്യ പ്ലാന്റ്; തുറക്കാത്ത പക്ഷം പ്രക്ഷോഭമെന്ന്
നീലേശ്വരം: ചിറപ്പുറത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്കു പോകുമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം അറിയിച്ചു. കോണ്‍ഗ്രസ് നഗരസഭാ കക്ഷി നേതാവ് എറുവാട്ട് മോഹനാണ് ഇക്കാര്യം കൗണ്‍സില്‍ മുന്‍പാകെ അറിയിച്ചത്. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു അജൈവ മാലിന്യം കൊണ്ടുപോയതിനു കോഴിക്കോട്ടെ ഒലീന മഹിളാ സമാജത്തിനു 247000 രൂപ നല്‍കാനുള്ള അജണ്ട ചര്‍ച്ചയ്ക്കു വന്നപ്പോഴാണു പ്രതിപക്ഷത്തു നിന്നും ഈ ആവശ്യം ഉയര്‍ന്നത്. ഒരു മാസത്തിനകം തുറന്നില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും മുന്നറിയിപ്പു നല്‍കി.
നഗരസഭാ കാര്യാലയം പണിയുന്നതിനായി കടിഞ്ഞിക്കടവില്‍ 75 സെന്റ് സ്ഥലം നല്‍കാമെന്ന സ്വകാര്യ വ്യക്തികളുടെ വാഗ്ദാനം സ്വീകരിക്കാനും തീരുമാനമായി. സര്‍ക്കാരിന്റെ അംഗീകാരത്തിനായി ഈ തീരുമാനം അയക്കും. യോഗത്തില്‍ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷനായി. ഉപാധ്യക്ഷ വി ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ്‌റാഫി, പി രാധ, കൗണ്‍സലര്‍മാരായ പി ഭാര്‍ഗവി, കെ.പി കരുണാകരന്‍, ടി.പി ബീന, പി മനോഹരന്‍, കെ.വി സുധാകരന്‍, പി.കെ രതീഷ്, സി മാധവി, വി.കെ റഷീദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."