പെട്രോള്‍പമ്പിലെ പൊലിസ് വെടിവയ്പ്: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
വഴിക്കടവ്: പെട്രോള്‍പമ്പില്‍വച്ചു വഴിക്കടവ് എസ്.ഐ വെടിവച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ പൊലിസ് നല്‍കിയ വിശദീകരണം തെറ്റാണെന്നു തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ദലിത് സഹോദരങ്ങളെ പൊലിസ് മര്‍ദിക്കുന്നതും തുടര്‍ന്നു പെട്രോള്‍ പമ്പില്‍വച്ച് എസ്.ഐ ആകാശത്തേക്കു വെടിവയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പെട്രോള്‍പമ്പിന് അകത്തുള്ള സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളാണ് തിങ്കളാഴ്ച പുറത്തായത്. തെളിവെടുപ്പിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും പൊലിസ് സംഭവദിവസംതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കോഴിക്കോട് സീനിയര്‍ മാനേജര്‍ സി.സി.ടി.വി സംവിധാനങ്ങള്‍ തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പൊലിസ് മേധാവിയുമായി ബന്ധപ്പെട്ടിരുന്നു. തെളിവെടുപ്പിന് ശേഷം ഞായറാഴ്ച രാത്രി പമ്പുടമക്ക് പൊലിസ് ഇതു തിരികെ നല്‍കി.
ഒരു കൂട്ടം ആളുകള്‍ തന്നെ മര്‍ദിക്കാനായി ഓടിയടുത്തപ്പോഴാണ് താന്‍ വെടിവച്ചതെന്നും പെട്രോള്‍പമ്പില്‍വച്ചല്ല വെടിയുതിര്‍ത്തതെന്നുമായിരുന്നു എസ്.ഐയുടെ വാദം. എന്നാല്‍, ഈ വാദം തെറ്റാണെന്നു ദൃശ്യം തെളിയിക്കുന്നു. ദലിത് സഹോദരങ്ങളെ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസ് മര്‍ദിക്കുന്നതും പിന്നീട് എസ്.ഐ കെ.ബി ഹരികൃഷ്ണന്‍ സര്‍വിസ് റിവോള്‍വര്‍ ഉപയോഗിച്ചു മുകളിലേക്കു നിറയൊഴിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമായി കാണാം.
ഈ സമയത്ത് ദലിത് സഹോദരങ്ങളായ രണ്ടു പേരും പുറമേയുള്ള ഒരാളും എസ്.ഐ ഉള്‍പ്പെടെ നാലു പൊലിസുകാരും മാത്രമാണ് ഉണ്ടായിരുന്നത്.
പമ്പില്‍ അയല്‍വാസിയായ യുവാവുമൊത്ത് ബൈക്കില്‍ പെട്രോള്‍ അടിക്കാനെത്തിയ ദലിത് യുവാവ് ജിതിനെ എസ്.ഐ ചോദ്യം ചെയ്യുന്നതും പിന്നീട് ലാത്തിക്കൊണ്ട് അടിച്ച് ബലമായി ജീപ്പില്‍ കയറ്റുന്നതും കാണാം.
ഈ സമയം മറ്റൊരു ബൈക്കിലെത്തിയ ജിതിന്റെ സഹോദരന്‍ സുബിന്‍ ഓടിവന്ന് ഇതു തടയാന്‍ ശ്രമിക്കുന്നതും ഇതിനിടെ ഉന്തും തള്ളും ഉണ്ടാവുന്നതും കാണാം. സുബിന്റെ തള്ളലില്‍ നിലത്തുവീണ എസ്.ഐ വീണ്ടും എഴുന്നേറ്റ് ഇരുപേരെയും മര്‍ദിക്കുകയും ബലമായി പൊലിസ് ജീപ്പില്‍ പിടിച്ചുകയറ്റിയ ശേഷം തന്റെ റിവോള്‍വര്‍ ഉപയോഗിച്ച് മുകളിലേക്ക് നിറയൊഴിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. രണ്ട് ബൈക്കുകള്‍ അപകടത്തില്‍പ്പെട്ടതുമായ തര്‍ക്കങ്ങളാണ് പൊലിസ് വെടിവയ്പില്‍ കലാശിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് എസ്.ഐയെ ജില്ലാ പൊലിസ് മേധാവിയുടെ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."