ലോ അക്കാദമി: പ്രശ്നം തീര്‍ന്നിട്ടില്ലെന്ന് വി.എസ്
തിരുവനന്തപുരം: ലോ അക്കാദമി കോളജിലെ പ്രശ്നം അവസാനിച്ചിട്ടില്ലെന്ന് ഭരണ പരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. ഭൂമി പ്രശ്നവും ദലിത്,വിദ്യാര്‍ഥി പീഡനങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും വി.എസ് പറഞ്ഞു. എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് അറിയില്ലെന്നും വി.എസ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റിയതായി ലോ അക്കാദമി ഡയരക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്കാണ് താല്‍ക്കാലികമായി അവരെ മാറ്റിയത്.
വൈസ് പ്രിന്‍സിപ്പല്‍ മാധവന് പോറ്റിയാണ് താത്ക്കാലികമായി പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുക. ലക്ഷ്മി നായര്‍ അധ്യാപികയായും അക്കാദമിയില്‍ പ്രവേശിക്കില്ലെന്ന് മാനേജ്മെന്റ് ഉറപ്പു നല്കി. എന്നാല്‍ അവര്‍ക്ക് കാമ്പസില്‍ പ്രവേശിക്കുന്നതിന് തടസ്സമില്ല. അക്കാദമി നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
ഇതേ തുടര്‍ന്ന് സമരം അവസാനിപ്പിച്ചതായി എസ്.എഫ്.ഐ അറിയിച്ചു. ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പു ലഭിച്ചതായി എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.
അതേ സമയം സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മറ്റു സംഘടനകള്‍. എസ്.എഫ്.ഐ സമരത്തെ ഒറ്റു കൊടുത്തെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന് പ്രതികരിച്ചു. പ്രിന്‍സിപ്പല്‍ രാജിവെക്കും വരെ സമരമെന്ന് കെ.എസ്.യുവും സ്്ഥാനമൊഴിയാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് എ.ഐ.എസ്.എഫും പ്രതികരിച്ചിരുന്നു.
എസ്.എഫ്.ഐ സമരത്തെ ഒറ്റുക്കൊടുത്തെന്നാരോപിച്ചും തങ്ങളുടെ ആവശ്യം മാനേജ്മെന്റ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചും നാളെ സംസ്ഥാനത്ത് പഠിപ്പുമുടക്കാന്‍ എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."