തുടങ്ങുന്നു, തദ്ദേശ വകുപ്പിന്റെ 'ഫോര്‍ ദ പീപ്പിള്‍'
തിരുവനന്തപുരം:പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 'ഫോര്‍ ദ പീപ്പിള്‍'വെബ് പോര്‍ട്ടല്‍-പരാതിപരിഹാര സംവിധാനം ആരംഭിച്ചതായി മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഇതിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതി, സ്വജനപക്ഷപാതം, സേവനങ്ങളിലെ കാലതാമസം എന്നിവയെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്കു ഓഡിയോ, വീഡിയോ ക്ലിപ്പിങ് ഉള്‍പ്പെടെ ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താം.
പരാതിയുടെ നമ്പര്‍ മൊബൈല്‍ വഴി എസ്.എം.എസായി ലഭിക്കും. നടപടിക്രമങ്ങളും വിവരങ്ങളും ഓണ്‍ലൈനായി നല്‍കും. വ്യാജപരാതി ഒഴിവാക്കന്‍ ആധാര്‍, ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാണ്. വണ്‍ ടൈം പാസ്വേഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരാതി നല്കുന്ന വ്യക്തികളെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
ഫോര്‍ ദ പീപ്പിള്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. നഗര-ഗ്രാമ-നഗരാസൂത്രണ വകുപ്പ്, എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗം എന്നിവയെയാണ് ഈ വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചമുന്പ് പരീക്ഷണാര്‍ഥമായി ലോഞ്ചിങ് നടത്തിയിരുന്നു. 62 പരാതികള്‍ ലഭിച്ചു. 42 പരാതികള്‍ പരിഹരിച്ചു. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അദാലത്തുകള്‍ എല്ലാ ജില്ലകളിലും നടത്തുമെന്നും ബില്‍ഡിങ് പെര്‍മിറ്റ് സംവിധാനം ഓണ്‍ലൈനാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."