യമനില്‍ എട്ടുവയസുകാരിയെ യു.എസ് സൈന്യം വെടിവച്ചു കൊന്നു
സന്‍ആ: യു.എസ് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം യു.എസ് സൈന്യം യമനില്‍ നടത്തിയ ആക്രമണത്തിനിടെ എട്ടുവയസുകാരിയെയും വെടിവച്ചു കൊന്നു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ പത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ കൊല്ലപ്പെട്ടിരുന്നു.
എട്ട് വയസുകാരിയായ നവാര്‍ അല്‍ഔലകിയെയാണ് സൈനികര്‍ വെടിവച്ചു കൊന്നത്. യു.എസ് പൗരനും പ്രബോധകനുമായിരുന്ന അന്‍വര്‍ അല്‍ ഔലകിയുടെ മകളാണ് കൊല്ലപ്പെട്ട നവാര്‍. 2011 ല്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ അന്‍വര്‍ കൊല്ലപ്പെട്ടിരുന്നു.
രണ്ടാഴ്ചക്ക് ശേഷമുള്ള ആക്രമണത്തില്‍ അന്‍വറിന്റെ 16 കാരനായ മകന്‍ അബ്്ദുറഹ്മാനും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്നാണ് നവാറിനെയും സൈന്യം കൊലപ്പെടുത്തിയത്.
'അവള്‍ക്ക് (നവാറിന്) ഒരുപാട് തവണ വെടിയേറ്റു. ഒരു വെടിയുണ്ട അവളുടെ കഴുത്തിലൂടെയാണ് കടന്ന് പോയത്. രണ്ട് മണിക്കൂറോളം അവള്‍ രക്തംവാര്‍ന്ന് കിടന്നുവെന്നും വൈദ്യസഹായം ലഭിച്ചില്ലെന്നും നവാറിന്റെ അമ്മാവനും മുന്‍ യമന്‍ പരിസ്ഥിതി സഹമന്ത്രിയുമായ അമ്മാര്‍ അല്‍ ഔലകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
'പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടിയായിരുന്നു അവള്‍. രക്തം വാര്‍ന്നു പോകുമ്പോഴും 'ഉമ്മാ കരയരുത്, എനിക്ക് കുഴപ്പമൊന്നുമില്ല' എന്ന് പറഞ്ഞ് അവള്‍ ഉമ്മയെ സമാധാനപ്പെടുത്തുകയായിരുന്നു' അമ്മാറിന്റേ പോസ്റ്റില്‍ പറയുന്നു.
അതേസമയം സൈനിക നീക്കങ്ങള്‍ക്കിടെ സംഭവിക്കുന്ന സിവിലിയന്‍ മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് യു.എസ് സൈന്യത്തിന്റെ പ്രതികരണം.
വളരെ അടുത്ത് നിന്ന് ഒരു അമേരിക്കന്‍ സൈനികന്‍ അവളെ വെടിവച്ച് കൊല്ലുകയായിരുന്നു.
ഇത് ഭീകരവാദത്തിന് അപ്പുറമുള്ള ഭീകരവാദമാണെന്ന് യമന്‍ രാഷ്ട്രീയ വക്താവ് അലി അല്‍ബുഗൈതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."