വികസനക്കുതിപ്പില്‍ തളിപ്പറമ്പ് നണിശേരിക്കടവ് പാലം ഉദ്ഘാടനത്തിനൊരുങ്ങി
പാലം തുറന്നുകൊടുക്കുന്നതോടെ മയ്യിലില്‍ നിന്നു തളിപ്പറമ്പിലേക്കുള്ള ദൂരം ഒന്‍പത് കിലോമീറ്ററോളം കുറയും
തളിപ്പറമ്പ്: നണിശേരി - മുല്ലക്കൊടി നിവാസികളുടെ സ്വപ്‌നവും തളിപ്പറമ്പിന്റെ വികസനകുതിപ്പിന് നിര്‍ണായക പങ്കുവഹിക്കുന്നതുമായ നണിശേരിക്കടവ് പാലം യാഥാര്‍ഥ്യമായി. പാലം മാര്‍ച്ച് 31ന് മുമ്പ് വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കും.
ആന്തൂര്‍ നഗരസഭയേയും മയ്യില്‍ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലം തുറന്നുകൊടുക്കുന്നതോടെ മയ്യിലില്‍ നിന്നു തളിപ്പറമ്പിലേക്കുള്ള ദൂരം ഒന്‍പത് കിലോമീറ്ററോളം കുറയും. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഏറ്റെടുത്ത പാലത്തിന്റെ നിര്‍മാണം കാസര്‍കോട്ടെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍സാണ് റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
നാടിന്റെ ആദരവ് അറിയിച്ച് ബാനറുകളും പോസ്റ്ററുകളും പതിച്ചും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയും കരാറുകാരനെയും ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ ആദരിച്ചിരുന്നു.
എക്‌സ്പാന്‍ഷന്‍ പോയിന്റുകള്‍ ഇല്ലാതെ നിര്‍മിച്ച ജില്ലയിലെ രണ്ടാമത്തെ പാലമാണിത്. ആദ്യ പാലമായ കോട്ടക്കീല്‍-പട്ടുവംകടവ് പാലം കഴിഞ്ഞ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
25 മീറ്റര്‍ ഇടവിട്ട് 15 സ്പാനുകളോടെ നിര്‍മിച്ച നണിശേരിക്കടവ് പാലത്തിന് 375 മീറ്റര്‍ നീളമുണ്ട്. 39.6 കോടി രൂപയാണ് നിര്‍മാണ ചെലവ്. പാലത്തില്‍ ഇരുഭാഗങ്ങളിലുമായി ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയുണ്ട്. ഏഴരമീറ്ററാണ് പാലത്തിലെ റോഡിന്റെ വീതി. ഇരു ഭാഗത്തുമായി അപ്രോച്ച് റോഡിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. മുല്ലക്കൊടിയില്‍ നിന്ന് ചെക്ക്യാട്ട്കാവ് വരെയുള്ള റോഡ് കണ്ണൂര്‍ വിമാനത്താവളം ലിങ്ക് റോഡായി മാറ്റുമെന്ന് നിര്‍മാണ ചുമതലയുള്ള പി.ഡബ്ല്യു.ഡി പാലം വിഭാഗം അസി.എന്‍ജിനീയര്‍ ഉമാദേവി പറഞ്ഞു.
പാലത്തിന്റെ ഉദ്ഘാടനം നാടിന്റെ മഹോത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."