കണ്ണൂരിന്റെ ഹൃദയതാളമറിഞ്ഞ ജനനേതാവ്
കണ്ണൂര്‍: ഹരിതപതാകയ്ക്കു കീഴില്‍ നഗരസഭാ കൗണ്‍സിലര്‍ മുതല്‍ കേന്ദ്രമന്ത്രി പദംവരെ അലങ്കരിച്ച ഇ അഹമ്മദ് കണ്ണൂരിന്റെ ഹൃദയതാളമറിഞ്ഞ നേതാവാണ്. പദവികള്‍ അലങ്കരിക്കുമ്പോഴും കണ്ണൂരിന്റെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ത്വരിത ചിന്തയായിരുന്നു അദ്ദേഹത്തിന്റെ മനസു നിറയെ.
കേന്ദ്രമന്ത്രിയായി ഡല്‍ഹി പ്രവര്‍ത്തന കേന്ദ്രമാക്കിയപ്പോഴും, തന്നെ ജനപ്രതിനിധിയാക്കിയ മലപ്പുറത്തും ജന്മനാടായ കണ്ണൂരിലുമെത്തുന്നതില്‍ ഒരു പിശുക്കും കാണിച്ചില്ല. വിശുദ്ധ റമദാന്‍ നാളുകളില്‍ എന്തു തിരക്കുണ്ടായാലും അദ്ദേഹം താണയിലെ വസതിയായ ' സിതാര 'യില്‍ ഉണ്ടാകും. നാട്ടുകാരുമായും ബന്ധുക്കളുമായും ദീനുല്‍ ഇസ്‌ലാംസഭയുടെ കീഴിലുള്ള അനാഥ മന്ദിരത്തിലെ അന്തേവാസികളുമായും ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം ഒഴിവാക്കാനാവാത്ത പൊതു ചടങ്ങുകളിലും സജീവമായിരുന്നു.
കണ്ണൂരിന്റെ മുഖച്ഛായ മാറ്റിയ വികസനത്തിന്റെ തുടക്കക്കാരനായിരുന്നു അദ്ദേഹം. നിരവധി റോഡുകളും മേല്‍പ്പാലങ്ങളും സ്ഥാപിച്ച് ഇ അഹമ്മദ് കണ്ണൂരിനെ വികസനത്തിലേക്ക് നയിച്ചു. കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കണ്ണൂരിന്റെയും മലബാറിന്റെയും റെയില്‍വേ വികസനത്തിനു വേഗംകൂട്ടി. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ റോഡുകള്‍ക്ക് മുകളിലൂടെ നിരവധി മേല്‍പ്പാലങ്ങള്‍ പ്രഖ്യാപിച്ചത് ഇ അഹമ്മദ് കേന്ദ്ര റെയില്‍വേ സഹമന്ത്രിയായ കാലഘട്ടത്തിലാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകള്‍ മുഖംമിനുക്കിയതും പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതും ഇക്കാലത്താണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരിക്കെ മലബാറിലുള്‍പ്പെടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്ര (പി.എസ്.കെ) വും അഹമ്മദിന്റെ പ്രയത്‌നത്തില്‍ ലഭിച്ചു.
കണ്ണൂരിന്റെ വിദ്യാഭ്യാസ രംഗത്ത് നിരവധി സ്ഥാപനങ്ങള്‍ തുടങ്ങുകയും ഉന്നതിയിലെത്തിക്കുകയും ചെയ്തത് ഇ അഹമ്മദിന്റെ പൊതുജീവിതത്തിലെ തിലകക്കുറിയാണ്. ദീനുല്‍ ഇസ്‌ലാം സഭയുടെ കീഴില്‍ യതീംഖാന, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹംദര്‍ദ് സര്‍വകലാശാലയുടെ ഓഫ് കാംപസ് എന്നിവ സ്ഥാപിക്കുന്നതിലൂടെ കണ്ണൂരിന്റെ വിദ്യഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനയാണ് നല്‍കിയത്. കണ്ണൂരിന്റെ വികസനം നടക്കുമ്പോള്‍ തന്നെ കണ്ണൂരിന്റെ മത, സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കാന്‍ മുന്‍നിരയില്‍ നിന്നു. കണ്ണൂരില്‍ ഇ.കെ നായനാര്‍ക്കും കെ കരുണാകരനും ഒക്കെ കിട്ടിയിരുന്ന ജനപിന്തുണ ഇ അഹമ്മദിനും ലഭിച്ചിരുന്നു. തിരക്കുള്ള രാഷ്ട്രീയ പൊതുപ്രവര്‍ത്തനത്തിനിടയിലും നാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍മപഥത്തില്‍ നില്‍ക്കുമ്പോഴും പൊതുപ്രവര്‍ത്തനത്തിലെ സംശുദ്ധതയും നിതാന്ത ജാഗ്രതയുമാണ് ഇ അഹമ്മദിന്റെ പ്രധാന സവിശേഷത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."