നഗരത്തിലെ അനധികൃത പാര്‍ക്കിങ്; പൊലിസിനെതിരെ നഗരസഭ കൗണ്‍സില്‍
തൊടുപുഴ: നഗരത്തിന്റെ ശാപമായി മാറിയിരിക്കുന്ന അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കാന്‍ നഗരസഭ എടുക്കുന്ന തീരുമാനങ്ങളോട് പൊലിസ് വിമുഖത കാണിക്കുകയാണെന്ന് ആക്ഷേപം.
നഗരസഭാ കൗണ്‍സില്‍ തീരുമാനം നടപ്പാക്കുന്നതില്‍ പൊലിസ് വീഴ്ച വരുത്തുന്നതായി ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ആക്ഷേപമുയര്‍ത്തി. ഇതുസംബന്ധിച്ച് പൊലിസിന് വീണ്ടും കത്ത്് നല്‍കാനാണ് കൗണ്‍സില്‍ തീരുമാനം. ചാഴികാട്ട് ആശുപത്രി റോഡിലെ അനധികൃത പാര്‍ക്കിങ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ അനുവാദമില്ലാതെ മൈക്ക് കെട്ടി പൊതുയോഗങ്ങള്‍ നടത്തുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ഇത് എത്രത്തോളം പ്രായോഗികമാവുമെന്ന സംശയം പലരും പ്രകടിപ്പിച്ചു. മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിലും മൈതാനത്തും മറ്റും മൈക്ക് പ്രവര്‍ത്തിപ്പിച്ചുള്ള പൊതുയോഗങ്ങള്‍ക്ക് നഗരസഭയുടെ അനുവാദമില്ലാതെ അനുമതി നല്‍കരുതെന്ന് പൊലിസിന് നിര്‍ദേശം നല്‍കും.
നഗരസഭാ പ്രദേശത്ത് കൂടി കടന്നുപോകുന്ന എം.വി.ഐ.പി ഇടതുകര കനാലിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് ആവശ്യപ്പെടണമെന്ന പ്രമേയം കൗണ്‍സില്‍ യോഗം അംഗീകരിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ഹരിയാണ് പ്രമേയം അവതരിപ്പിച്ചത്. മലങ്കര ജലാശയത്തില്‍ നിന്നുള്ള ഇടതുകര കനാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്കും ജനങ്ങളുടെ ദൈനംദിന ആവശ്യത്തിനും ഏറെ പ്രയോജനം ചെയ്യുന്നതാണ്. എന്നാല്‍, വാര്‍ഷിക അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ മണ്ണും മാലിന്യവും നിറഞ്ഞ് ആരോഗ്യ, സാമൂഹ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കനാല്‍ കടന്നുപോകുന്ന ഗ്രാമപഞ്ചായത്ത് പരിധിയിലെല്ലാം തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി വാര്‍ഷിക അറ്റകുറ്റപ്പണി നടക്കുന്നുണ്ട്.
നഗരസഭയില്‍ തൊഴിലുറപ്പ് പദ്ധതി ഇല്ലാത്തതിനാലും സംസ്ഥാന പദ്ധതിയായ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയില്‍ സമയബന്ധിതമായി ഫണ്ട് ലഭിക്കാത്തതിനാലും കനാല്‍ വൃത്തിയാക്കാന്‍ കഴിയുന്നില്ലെന്ന് ആര്‍.ഹരി പ്രമേയത്തില്‍ പറഞ്ഞു. പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള സഹായത്തിന്റെ ആദ്യഗഡുവായ 30,000 രൂപ വീതം മൂന്നുപേര്‍ക്ക് യോഗത്തില്‍ വിതരണം ചെയ്തു.
നഗരത്തില്‍ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകള്‍ക്ക് ഫീസ് ചുമത്താനും കൗണ്‍സില്‍യോഗം തീരുമാനിച്ചു. നഗരസഭയുടെ വരുമാനത്തിന് ഇത് മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തല്‍.
ഭാവിയില്‍ നഗരത്തില്‍ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകള്‍ക്കും മറ്റും നഗരസഭയുടെ പെര്‍മിറ്റ് വാങ്ങേണ്ടി വരും. ഇതിന്റെ തുക സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."