വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു: കൊല്ലം എസ്.എന്‍ ലോ കോളജിലെ വിദ്യാര്‍ഥിസമരം ഒത്തുതീര്‍പ്പായി
കൊല്ലം: സമരത്തെതുടര്‍ന്നു കൊല്ലം എസ്.എന്‍ ലോ കോളജില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജമെന്റ് അംഗീകരിച്ചതോടെ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ നടത്തിവന്ന പഠിപ്പുമുടക്ക് പിന്‍വലിച്ചു. ഇന്നലെ രണ്ടുവട്ടം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. അതനുസരിച്ച് കോളജില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ മാറ്റാമെന്നും കോളജിന്റെ പ്രധാനകവാടം വിദ്യാര്‍ഥികള്‍ക്കായി തുറന്നുകൊടുക്കാമെന്നും ധാരണയായി. സ്പോര്‍ട്സിനായി വാങ്ങിയ മുഴുവന്‍ തുകയും വിദ്യാര്‍ഥികള്‍ക്കു മടക്കി നല്‍കും. ഇന്റേണല്‍ അസസ്മെന്റില്‍ വിവേചനമുണ്ടെങ്കില്‍ അതു അവസാനിപ്പിക്കും. ഹോസ്റ്റല്‍ വിഷയത്തില്‍ രണ്ടു വിദ്യാര്‍ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തി ഇന്നു ചര്‍ച്ച നടത്തി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്നുള്ള ഉറപ്പും മാനേജ്മെന്റ് നല്‍കിയതായി വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.
ടോയ്ലറ്റിനു മുന്നില്‍ കാമറകളും ഇന്റേണല്‍ അസസ്മെന്റിലെ വിവേചനവും തുറന്നുകാട്ടിയായിരുന്നു വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. ഇന്നലെ രാവിലെ മാനേജ്മെന്റും വിദ്യാര്‍ഥി പ്രതിനിധികളുമായി നടന്ന ആദ്യഘട്ട ചര്‍ച്ച അലസിപ്പിരിഞ്ഞിതിനെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ച നടത്തിയത്. എസ്.എഫ്.ഐ നേതൃത്വത്തിലായിരുന്നു വിദ്യര്‍ഥികള്‍ പഠിപ്പുമുടക്കിയത്. ഇന്നലെ തീരുമാനം എടുക്കുംവരെ വിദ്യാര്‍ഥികളാരും ക്ലാസുകളില്‍ കയിറിയിരുന്നില്ല. ചര്‍ച്ച നടക്കുന്നതിനിടെ രാവിലെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ വിലക്കു ലംഘിച്ചു കോളജിനുള്ളില്‍ കയറിയതു സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. തുടര്‍ന്നു പൊലിസ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."