ഇറാന്‍ പ്രക്ഷോഭം: അടിയന്തര യോഗം ആവശ്യപ്പെട്ട് യു.എന്നില്‍ അമേരിക്ക
യുനൈറ്റഡ് നാഷന്‍സ്: ഇറാനില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേരണമെന്ന് അമേരിക്ക യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് ഇറാനെതിരേ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദനീക്കവുമായി അമേരിക്ക രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിന് യോഗം ചേരണമെന്നാണ് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ ആവശ്യപ്പെട്ടത്.
അതേസമയം, അമേരിക്കയുടെ നീക്കത്തെ റഷ്യ ശക്തമായി വിമര്‍ശിച്ചു. ഇറാന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാനുള്ള അമേരിക്കയുടെ ഏതു ശ്രമവും ചെറുക്കുമെന്ന് റഷ്യയുടെ ഡേപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജറൂസലം വിഷയത്തില്‍ യു.എന്‍ പ്രമേയം വീറ്റോ ചെയ്ത അമേരിക്ക ഇറാന്‍ വിഷയത്തില്‍ കാണിക്കുന്ന താല്‍പര്യം ദുരുദ്ദേശ്യപരമാണെന്നാണ് വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ആരോപിക്കുന്നത്. ഇറാന്‍ സംഭവം അമേരിക്ക രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യാനും വോട്ടിനിടാനും ശ്രമിച്ചാല്‍ റഷ്യ അടക്കമുള്ള രക്ഷാസമിതി അംഗങ്ങള്‍ വീറ്റോ ചെയ്‌തേക്കും.
രക്ഷാസമിതിയില്‍ ഒരു വിഷയം ചര്‍ച്ച ചെയ്യണമെങ്കില്‍ ആകെ 15 അംഗങ്ങളില്‍ ഒന്‍പതുപേരുടെ പിന്തുണ വേണം. അതോടൊപ്പം ആരും വീറ്റോ ചെയ്യാനും പാടില്ല. സമരക്കാര്‍ക്ക് പിന്തുണ അറിയിക്കാനായി യു.എന്നിന്റെ ഉന്നതകാര്യ സമിതി യോഗം ചേരാന്‍ ആവശ്യപ്പെടുമെന്ന് നേരത്തെ നിക്കി ഹാലെ അറിയിച്ചിരുന്നു.
രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനീവ ആസ്ഥാനമായുള്ള യു.എന്‍ ഹ്യുമന്‍ റൈറ്റ്‌സ് കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."