അവസാനമായൊന്ന് കാണാന്‍ ജനം ഒഴുകിയെത്തി
കൊണ്ടോട്ടി: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിനെ അവസാനമായി ഒരുനോക്കു കാണാന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തിയത് പതിനായിരങ്ങള്‍. രാഷ്ട്രീയം മറന്നു വിവിധ പാര്‍ട്ടി നേതാക്കളും ഇവിടെയെത്തി. പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ കരിപ്പൂരില്‍ മൃതദേഹം എത്തുന്നതിനു മുന്‍പു കാത്തിരുന്നിരുന്നു.
മലപ്പുറം നിയോജക മണ്ഡലം എം.പികൂടിയായ ഇ. അഹമ്മദിന്റെ മൃതദേഹം ഒരുനോക്ക് കാണാനും മയ്യിത്ത് നിസ്‌കരിക്കാനുമായി പതിനായരങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ഹൗസിലേക്ക് ഒഴുകിയെത്തിയത്. രാവിലെ ഇതിനുള്ള സൗകര്യം ഹജ്ജ് ഹൗസില്‍ ഒരുക്കിയിരുന്നു. മൂന്നു നിരകളില്‍ മൃതദേഹം കാണാനായി പ്രത്യേക ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നു. എന്നാല്‍, വൈകിട്ടോടെ ജനമൊഴുകിയതോടെ ബാരിക്കേഡ് നിരകള്‍തെറ്റി ജനക്കൂട്ടമായി.
നിസ്‌കരത്തിനുവേണ്ടി കാത്തുനില്‍ക്കുകകൂടിയായതോടെ ഹജ്ജ് ഹൗസ് പരിസരം ജനനിബിഡമായി. വിമാനത്താവള റോഡില്‍വരെ നിര നീണ്ടതോടെ പൊലിസിനും വളണ്ടിയര്‍മാര്‍ക്കും ഏറെ പണിപ്പെടേണ്ടിവന്നു. നേതാക്കളുടെ കണക്കുകള്‍ തെറ്റിച്ച് ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി പ്രവര്‍ത്തകര്‍ ഒഴുകിയെത്തുകയായിരുന്നു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ഇബ്രാഹീം തിരൂരങ്ങാടി, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, എം.എ സമദ്, ചാണ്ടി ഉമ്മന്‍, യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, സബാഹ് പുല്‍പ്പറ്റ, സക്കീന പുല്‍പ്പാടന്‍, കെ. മുഹമ്മദുണ്ണി ഹാജി, പി.എ ജബ്ബാര്‍ ഹാജി, സി.പി മുഹമ്മദ്, സലീം കുരുവമ്പലം, എം. റഹ്മത്തുള്ള, യു.സി രാമന്‍, വല്ലാഞ്ചിറ മുഹമ്മദലി, ഖാദര്‍ മൊയ്തീന്‍, പി.എ സലാം, മുത്തുക്കോയ തങ്ങള്‍, അബ്ദുല്ലക്കോയ മദനി, മംഗലം ഗോപിനാഥ്, കെ.പി അബ്ദുല്‍ മജീദ്, ടി.ടി ഇസ്മാഈല്‍, മുജീബ് കാടേരി, ടി.പി അഷ്‌റഫലി, വണ്ടൂര്‍ ഹൈദരാലി, എ.പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."