വാണിജ്യ നികുതി ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ് പ്രതിക്ക് ആറു മാസം തടവും പിഴയും
പാലക്കാട്: പാലക്കാട് വാണിജ്യ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേല്‍പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പാലക്കാട് ചക്കാന്തറ ഇസ്സാര്‍(29)ന് പാലക്കാട് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (നമ്പര്‍ മൂന്ന്) എം. സുഹൈബ് ആറു മാസം തടവും 2,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2008 ഒക്‌ടോബര്‍ 28ന് രാവിലെ എട്ടിനാണ് വാണിജ്യ നികുതി വകുപ്പ് കോംപ്ലക്‌സില്‍ ഇന്റലിജന്‍സസ് ഇന്‍സ്‌പെക്ടറായ പി.കെ. സന്തോഷിനെ പ്രതി തള്ളുകയും ഡ്രൈവറായ കെ.എം. ജയപ്രകാശിനെ മര്‍ദിക്കുകയും വലതു കൈയ്യിലെ പെരുവിരലിലും മോതിര വിരലിലും പ്രതി കടിച്ച് മുറിവേല്‍പിക്കുകയും ചെയ്തത്.
വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ സംഭവദിവസം രാവിലെ പാലക്കാട് ഐ.എം.എ.ജങ്ഷനില്‍ വാഹന പരിശോധന നടത്തി വരുമ്പോള്‍ നിര്‍ത്താതെ പോയ മാരുതി ഒംനി വാനിനെ ജീപ്പില്‍ പിന്‍തുടര്‍ന്ന് സുല്‍ത്താന്‍പേട്ട ജങ്ഷനില്‍ തടഞ്ഞ് നിര്‍ത്തി വാഹനം പരിശോധിച്ചതില്‍ രേഖകള്‍ ഇല്ലാതെയും നികുതി അടയ്ക്കാതെയും കൊണ്ടുവന്ന ആറ് പെട്ടി കോഴികളെ ബന്തവസില്‍ എടുത്തിരുന്നു.
തുടര്‍നടപടികള്‍ക്കായി വാണിജ്യ നികുതി കോംപ്ലക്‌സില്‍ എത്തിച്ചപ്പോഴാണ് പ്രതി ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം വരുത്തുകയും ചെയ്തത്.
വിചാരണ വേളയില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം വര്‍ഷങ്ങളോളം കോടതിയില്‍ ഹാജരാവാതിരുന്ന പ്രതിയെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ സീനിയര്‍ ഗ്രേഡ് പി. പ്രേംനാഥ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."