യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം: മുസ്ലിംലീഗ
മലപ്പുറം: നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഇടതുമുന്നണി വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നു മലപ്പുറത്തു ചേര്‍ന്ന മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതിയോഗം. മുസ്ലിംലീഗ്-യു.ഡി.എഫ് പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസുകള്‍ കെട്ടിച്ചമച്ചും ആക്രമം നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ആത്മവീര്യംതകര്ക്കാനാണ് ഇവരുടെ ശ്രമമെന്നും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇടതുപക്ഷം വിജയിച്ചപ്പോഴും ജില്ലയില്‍ യു.ഡി.എഫ് നേടിയ വിജയത്തില്‍ ഇടതുമുന്നണി പ്രവര്ത്തകര്ക്കിയിലുണ്ടായ നിരാശയാണ് അക്രമണത്തിനു കാരണം. വളവന്നൂരില്‍ ഹൃദ്രോഗംമൂലം ഒരാള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ടു മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയെടുത്ത കള്ളക്കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അക്രമങ്ങള്‍ക്കും കള്ളക്കേസുകള്‍ക്കും പൊലീസ്കൂട്ടുനില്ക്കുന്ന സാഹചര്യം നിര്‍ഭാഗ്യകരമാണ്. ജില്ലയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഏകപക്ഷീയമായി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ്ചെയ്യുകയാണ്. ഇത് കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ല. പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ സ്വാഗതം പറഞ്ഞു.
പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിംലീഗിന്റെ മുഴുവന്‍ എം.എല്‍.എമാര്‍ക്കും മലപ്പുറം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം വന്‍ വിജയമാക്കുന്നതിന് അഭ്യര്‍ഥിച്ചു. ജൂണ്‍ നാലിനു വൈകുന്നേരം ഏഴിനു മലപ്പുറം കോട്ടപ്പടി കിഴക്കേത്തല സുന്നിമഹല്‍ പരിസരത്തു നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ സംസ്ഥാനത്തെ നിയമസഭാ സാമാജികര്‍ക്കു പുറമെ തമിഴ്നാട്ടിലെ കടയനല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച കെ.എ.എം. മുഹമ്മദ് അബൂബക്കറും പങ്കെടുക്കും.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മുസ്ലിംലീഗ് മലപ്പറം ജില്ലാകമ്മിറ്റി പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. ജൂണ്‍ അഞ്ചിനു രാവിലെ 10 മണിക്ക് മലപ്പുറം ഖാഇദെ മില്ലത്ത് സ്മാരകസൗധത്തില്‍ (മുസ്ലിംലീഗ് മലപ്പുറം മുനിസിപ്പല്‍ ഓഫീസ്) നടക്കുന്ന പരിപാടിയില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ സംബന്ധിക്കും.
മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടിലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന ഭാരവാഹികളായ അഡ്വ. പി.എം.എ സലാം, അഡ്വ. യു.എ ലത്തീഫ്, ഡോ. സി.പി ബാവഹാജി, നിയുക്ത എം.എല്‍.എമാര്‍, നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."