സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനായി മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിക്കാം
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചെലവുകള്‍ക്ക് റോഡുകളൊഴികെയുളള അറ്റകുറ്റപ്പണികള്‍ക്കുളള ഫണ്ട് (നോണ്‍ റോഡ് മെയിന്റനന്‍സ് ഗ്രാന്റ്) ചെലവഴിക്കാമെന്ന് നിര്‍ദേശം.
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് തുടര്‍ച്ചയായ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുളള സര്‍ക്കാര്‍ സ്ഥാപനങ്ങളായ കൃഷി ഭവന്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, എല്‍.പി സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ചെലവുകള്‍ക്ക് ഇനി അറ്റകുറ്റപ്പണികള്‍ക്കുളള ഫണ്ട് ഉപയോഗിക്കാം.
ഇത്തരം സ്ഥാപനങ്ങളുടെ വാടക, കുടിവെളളം, വൈദ്യുതി, സ്റ്റേഷനറി സാധനങ്ങള്‍, ടെലിഫോണ്‍,ഇന്റര്‍നെറ്റ്, പോസ്‌റ്റേജ് തുടങ്ങിയവയ്ക്ക് തനത് ഫണ്ടുകളാണ് ഉപയോഗിച്ചിരുന്നത്.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് വേണ്ടി മാത്രമാണ് മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിക്കാന്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന വാദമാണ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരുന്നത്.
തനത് ഫണ്ടില്‍ നിന്ന് വകയിരുത്തിയാണ് പല പഞ്ചായത്തുകളും വാടകയും മറ്റും നല്‍കിയിരുന്നത്. നോണ്‍ റോഡ് മെയിന്റനന്‍സ് ഗ്രാന്റ് ഇവയ്ക്ക് ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അറ്റകുറ്റപ്പണികള്‍ക്കെല്ലാതെ ഫണ്ട് അനുവദിച്ചിരുന്നില്ല. ഇതോടെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."