തുര്‍ക്കിക്ക് ഇ.യു അംഗത്വം: ചര്‍ച്ചയില്‍ ഒരു പുരോഗതിയുമില്ലെന്ന് ഫ്രാന്‍സ്
പാരിസ്: തുര്‍ക്കിയുടെ യൂറോപ്യന്‍ യൂനിയന്‍(ഇ.യു) അംഗത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പുരോഗതിയൊന്നുമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പാരിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനോടാണ് മാക്രോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. ഇ.യു അംഗത്വത്തിനായി കേണപേക്ഷിച്ച് കുഴങ്ങിയിരിക്കുകയാണ് തുര്‍ക്കിയെന്ന് ഉര്‍ദുഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2016ലെ പരാജയപ്പെട്ട ഭരണ അട്ടിമറിശ്രമത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ തുടരുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളും മാധ്യമ-അക്കാദമിക വേട്ടയുമാണ് വിഷയത്തില്‍ കടമ്പയായി നില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ പല ഇ.യു അംഗങ്ങള്‍ക്കും വിയോജിപ്പുണ്ടെന്നും മാക്രോണ്‍ വ്യക്തമാക്കി.
അതിനിടെ, സിറിയയ്ക്ക് തുര്‍ക്കി ആയുധങ്ങള്‍ നല്‍കുന്നതായുള്ള ആരോപണങ്ങളെ കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഉര്‍ദുഗാന്‍ രൂക്ഷമായ സ്വരത്തില്‍ വിമര്‍ശിച്ചു. ഗുലനിസ്റ്റ് പ്രസ്ഥാനത്തിന്റെ അംഗത്തെ പോലെയാണ് മാധ്യമപ്രവര്‍ത്തകന്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണ അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതായി തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്ന പ്രസ്ഥാനമാണ് ഗുലന്‍ മൂവ്‌മെന്റ്. 2015ല്‍ ജുംഹൂരിയ്യത്ത് പത്രത്തില്‍ വന്ന വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
'തുര്‍ക്കിയുടെ ഇ.യു അംഗത്വത്തെ കുറിച്ചുള്ള കാപട്യം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. അടുത്തിടെ ഇ.യുവിലുണ്ടായ ചര്‍ച്ചകളുടെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. അട്ടിമറിയെ തുടര്‍ന്ന് ഉര്‍ദുഗാന്‍ ആരംഭിച്ച സൈനിക നടപടികള്‍ കാരണം ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് '-മാക്രോണ്‍ വ്യക്തമാക്കി. അതേസമയം, തുര്‍ക്കിയുമായി നല്ല ബന്ധം തുടരേണ്ടത് ഇ.യുവിനു വളരെ പ്രധാനമാണെന്നും മാക്രോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."