നാഗാലാന്റില്‍ കലാപം; കൊഹിമ കലക്ടറുടെ ഓഫിസും മുനിസിപ്പല്‍ ഓഫിസും കത്തിച്ചു
കൊഹിമ: നാഗാലാന്റിലെ കൊഹിമയില്‍ നാഗാ ഗോത്രക്കാരുടെ അക്രമം. നാഗാ ഗോത്രത്തില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ ചേര്‍ന്ന് കൊഹിമ മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫിസും ജില്ലാ കലക്ടറുടെ ഓഫിസും അഗ്നിക്കിരയാക്കി. മുഖ്യമന്ത്രി ടി.ആര്‍ സെലിയാങ് വൈകിട്ട് നാലു മണിക്കകം രാജിവയ്ക്കണമെന്ന ഇവരുടെ അന്തശാസനം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഭരണസിരാ കേന്ദ്രത്തിന് തീ കൊളുത്തിയത്.
ഇതടക്കം മറ്റു ചില സര്‍ക്കാര്‍ കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. മൂന്നു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
ദിമാപുരില്‍ പൊലിസിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹവുമായാണ് ഇന്നു രാവിലെ മുതല്‍ ആയിരക്കണക്കിന് നാഗാ വിഭാഗക്കാര്‍ തെരുവിലിറങ്ങിയത്. നഗരത്തിന്റെ ഹൃദയഭാഗമായ ഓള്‍ഡ് എം.എല്‍.എ ഹോസ്റ്റലില്‍ നിന്നാണ് പ്രതിഷേധം തുടങ്ങിയത്. ചൊവ്വാഴ്ച രാത്രിയിലാണ് ദിമാപുര്‍ പൊലിസ് വെടിവയ്പ്പ് നടത്തിയത്.
നാഗാലാന്റില്‍ നടക്കുന്ന പ്രദേശിക തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം പുറപ്പെട്ടത്. നാഗകള്‍ക്ക് ഭരണഘടന പ്രത്യേകം വിഭാവനം ചെയ്യുന്ന 371 എ ആര്‍ട്ടിക്കിളിന്റെ ലംഘനമാണിതെന്നാണ് ഇവരുടെ വാദം. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഒന്നിനു നടക്കേണ്ട തെരഞ്ഞെടുപ്പ് രണ്ടു മാസത്തേക്ക് നീട്ടിയിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവച്ച് പുറത്തുപോവണമെന്നാണ് നാഗകളുടെ ഇപ്പോഴത്തെ ആവശ്യം. വെടിവയ്പ്പ് നടത്തിയ എല്ലാ പൊലിസുകാരെയും പുറത്താക്കണമെന്നും ആവശ്യമുണ്ട്.
സംഘര്‍ഷത്തെത്തുടര്‍ന്ന് ദിമാപുരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനമൊട്ടുക്കും അനിശ്ചിത കാലത്തേക്ക് മൊബൈല്‍ സേവനങ്ങളും ബ്ലോക്ക് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."