കൊട്ടിയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു
ഇരിട്ടി (കണ്ണൂര്‍): കൊട്ടിയൂര്‍ വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു. താഴേ പാല്‍ച്ചുരം കോളനിയിലെ ഗോപാലന്‍ (60) ആണ് ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. കൊട്ടിയൂര്‍ വനമേഖലയ്ക്കു സമീപം കണ്ടപ്പുനത്ത് നിന്നു രണ്ടുകിലോമീറ്ററോളം ഉള്‍വനത്തില്‍ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കാട്ടുതീ പടരാതിരിക്കാന്‍ ഫയര്‍ലൈന്‍ തെളിക്കുന്ന സംഘത്തെയാണ് കാട്ടാന ആക്രമിച്ചത്. ഗോപാലനൊപ്പം 17 അംഗ സംഘവുമുണ്ടായിരുന്നു. ഇവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ജോലി കഴിഞ്ഞു മടങ്ങിയ സംഘത്തിന് നേരെ ഒറ്റയാന്‍ തിരിയുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഗോപാലനെ ആന ആക്രമിക്കുകയുമായിരുന്നു. ആനയുടെ ചവിട്ടേറ്റു വീണ ഗോപാലന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വനപാലകരും പൊലിസും ചേര്‍ന്ന് ഗോപാലന്റെ മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കൊണ്ടുപോവുന്നതിനിടെ വനപാലകരും നാട്ടുകാരുമായി ഏറെനേരം സംഘര്‍ഷാവസ്ഥയുണ്ടായി. മൃതദേഹം കൊണ്ടുപോകാനായി വനപാലകര്‍ എത്തിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഒടുവില്‍ പേരാവൂരില്‍ നിന്നും കേളകത്തില്‍ നിന്നും എത്തിയ പൊലിസ് ഇടപെട്ടാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഇന്നു ഹര്‍ത്താലിനു നാട്ടുകാരുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്തു. കാട്ടാനകളുടെയും മൃഗങ്ങളുടെയും ആക്രമണത്തില്‍ നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും അധികൃതര്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു ഹര്‍ത്താല്‍. പരേതയായ കറുത്തയാണ് ഗോപാലന്റെ ഭാര്യ. മക്കള്‍: രാമന്‍, ബാബു, സുരേഷ്, ചന്ദ്രന്‍, സോമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."