നാടകം കാണാന്‍ നില്‍ക്കും...നിലത്തിരിക്കും...വേണ്ടിവന്നാല്‍ കെടക്കൂട്ടാ...
ഹൈസ്‌കൂള്‍ നാടകവേദിയായ ദേവതാരു കാണികളാല്‍ പൂത്തെങ്കിലും പാളിച്ചകള്‍ക്കൊണ്ട് ആസ്വാദകരസം സംഘാടകര്‍ കരിച്ചു. തിങ്ങി നിറഞ്ഞ വേദിയില്‍ ശ്വാസമെടുക്കാന്‍ പോലും പാടുപെട്ട് നിന്നും നിലത്തിരുന്നുമാണ് നാടകപ്രേമികള്‍ ആസ്വാദനകര്‍മം നിര്‍വഹിച്ചത്.
സംഗീത നാടക അക്കാദമി ഹാളില്‍ 400 പേര്‍ക്കു മാത്രമിരിക്കാവുന്ന സീറ്റുകളാണ് ക്രമീകരിച്ചിരുന്നത്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് നാടകപ്രേമികള്‍ കലോത്സവവേദികള്‍ കയ്യടക്കാറുണ്ട്. ഇത് മുന്നില്‍കാണാതെയാണ് വേദി നിശ്ചയിച്ചതെന്നും, വേണ്ടത്ര ശബ്ദ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും കാണികള്‍ കുറ്റപ്പെടുത്തി.
ജഡ്ജസിനു പിന്നിലായി ഒഴിഞ്ഞു കിടന്ന മൂന്ന് വരി കസേരകളില്‍ നിയമത്തിന്റെ പേരുപറഞ്ഞിരുത്തിയിരുന്നില്ല. കാണികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടു വരിയാക്കി ചുരുക്കിയെങ്കിലും സീറ്റുകള്‍ പര്യാപ്തമായിരുന്നില്ല. അന്താരാഷ്ട്ര നാടകോത്സവത്തില്‍ പോലും രണ്ടുവരിയാണ് ജഡ്ജസിനെ സ്വാധീനിക്കാതിരിക്കാന്‍ ഒഴിച്ചിടാറുള്ളത്. ഹയര്‍സെക്കന്‍ഡറി നാടകമത്സരം നാളെ ഇതേ വേദിയില്‍ നടക്കാനിരിക്കെ പ്രേക്ഷക സഹസ്രങ്ങളെ തൃപ്തിപ്പെടുത്താന്‍ സംഘാടകര്‍ പാടുപെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."