അഭയാര്‍ഥി വിലക്കിനെതിരേ യു.എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടറസും
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ-അഭയാര്‍ഥി വിലക്കിനെതിരേ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും രംഗത്ത്. മതവും വംശവുമെല്ലാം അടിസ്ഥാനമാക്കി അതിര്‍ത്തിനയങ്ങള്‍ രൂപീകരിക്കുന്നത് അന്താരാഷ്ട്ര സാമൂഹിക മൂല്യങ്ങള്‍ക്കും അടിസ്ഥാനതത്വങ്ങള്‍ക്കുമെതിരാണെന്ന് ഗുട്ടറസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
എഴുതിത്തയാറാക്കിയ പ്രസ്താവനയിലൂടെയാണ് ഗുട്ടറസ് വിമര്‍ശനമുന്നയിച്ചത്. ട്രംപിനെയോ അമേരിക്കയെയോ പേരെടുത്തു പരാമര്‍ശിച്ചില്ലെങ്കിലും ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ എക്‌സിക്യൂട്ടിവ് ഉത്തരവിനു പിറകെ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ, നിയമ, ധാര്‍മിക സംവാദങ്ങളെ കുറിച്ചായിരുന്നു പ്രസ്താവനയിലുടനീളം അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഭീകരവാദ സംഘങ്ങളുടെ നുഴഞ്ഞുകയറ്റം ഒഴിവാക്കാനായി തങ്ങളുടെ അതിര്‍ത്തികളില്‍ വേണ്ടതു ചെയ്യാന്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും അധികാരവും ഉത്തരവാദിത്തവുമുണ്ട്. എന്നാല്‍ മതം, വംശം, ദേശം തുടങ്ങിയ ഏതെങ്കിലും പേരിലുള്ള വിവേചനം ഇക്കാര്യത്തില്‍ ഉണ്ടാകരുത്. നമ്മുടെ സമൂഹം നിലനില്‍ക്കുന്ന അടിസ്ഥാനതത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമെതിരാണ് അത്തരം നയം-അദ്ദേഹം വ്യക്തമാക്കി. ഭീകരവാദ സംഘങ്ങളെ തടയാനെന്ന പേരില്‍ നടപ്പാക്കിയ അന്ധമായ നടപടികള്‍ ഒരു ഗുണവും ചെയ്യില്ല. അത്യാധുനിക സൗകര്യങ്ങള്‍ സ്വന്തമുള്ള അത്തരം ആഗോള ഭീകരസംഘങ്ങള്‍ക്ക് അത്തരം നടപടികള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും. ഭീകരവാദ നുഴഞ്ഞുകയറ്റമെന്ന പേരില്‍ അമേരിക്കക്കും മറ്റ് ഏതൊരു രാഷ്ട്രത്തിനും സംരക്ഷണം നല്‍കാനുള്ള നല്ല വഴിയല്ല ഇതെന്നും അന്റോണിയോ ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.
വിവിധ രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധത്തെയും കെടുതികളെയും തുടര്‍ന്നു രാജ്യംവിട്ടവര്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ച മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളെയും മുന്‍ യു.എന്‍ അഭയാര്‍ഥി ഹൈക്കമ്മിഷണര്‍ കൂടിയായ ഗുട്ടറസ് വിമര്‍ശിച്ചു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാഷ്ട്രമായ എത്യോപ്യയില്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."