കേരളാ കോണ്‍ഗ്രസ് വന്നാല്‍ ഇടതുമുന്നണിയുടെ ശക്തി കൂടുമെന്നത് സാങ്കല്‍പ്പികം: കാനം
കോട്ടയം: കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തിയാല്‍ മധ്യകേരളത്തില്‍ ശക്തി കൂടുമെന്ന വാദം സാങ്കല്‍പ്പികമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളാ കോണ്‍ഗ്രസ് വിഷയത്തില്‍ സി.പി.ഐക്ക് നിലപാടുമാറ്റേണ്ട സാഹചര്യമില്ല. മുന്നണി വിപുലീകരിക്കണമെങ്കില്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യണം. ഇതുവരെ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ മുന്നണിക്കു മുന്നിലെ വിഷയമല്ല. സി.പി.എമ്മിന് വ്യത്യസ്ത അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് സി.പി.ഐ അംഗീകരിക്കണമെന്നില്ല. മുന്നണിപ്രവേശനം കാത്തുകഴിയുന്ന ഏഴോളം കക്ഷികളുണ്ട്. ഇവരെ മുന്നണിയിലെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. മുന്നണി വിപുലീകരണത്തിനുള്ള പുതിയ സാഹചര്യമെന്തെങ്കിലുമുള്ളതായി കരുതുന്നില്ല. മുന്നണി മര്യാദയെന്നത് നിര്‍വചിക്കാത്തതിനാല്‍ മര്യാദ ലംഘിച്ചിട്ടുണ്ടോയെന്ന് പറയാന്‍ കഴിയില്ല.
കോട്ടയം ജില്ലയില്‍ സി.പി.ഐയുടെ ശക്തി കുറഞ്ഞുവെന്ന സി.പി.എം സമ്മേളനത്തിലെ ആരോപണം കാര്യങ്ങള്‍ കാണാതിരിക്കുന്നതുകൊണ്ടാണ്. നല്ല നേത്രരോഗ വിദഗ്ധനെ കാണുകയാണ് വേണ്ടത്. സി.പി.ഐ മന്ത്രിമാര്‍ക്കെതിരേ ഒരു അഴിമതി ആരോപണവും ഉന്നയിച്ചിട്ടില്ല. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഭിന്നതയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."