നീലേശ്വരം നഗരസഭയില്‍ സെക്രട്ടറിയില്ല: പദ്ധതി നിര്‍വഹണവും രൂപീകരണവും താളം തെറ്റുന്നു
നീലേശ്വരം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ഘട്ടത്തില്‍ സെക്രട്ടറിയില്ലാത്തതിനാല്‍ നീലേശ്വരം നഗരസഭയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഒന്നര മാസമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഡിസംബര്‍ 15 നാണു നിലവിലുണ്ടായിരുന്ന സെക്രട്ടറി എന്‍.കെ ഹരീഷ് സ്ഥലം മാറി പോയത്. തുടര്‍ന്ന് ആ സമയത്തുണ്ടായിരുന്ന സൂപ്രണ്ടിനു ചുമതല നല്‍കുകയായിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തിനും സ്ഥലം മാറ്റം ലഭിക്കുകയും പുതിയ ആള്‍ ചുമതലയേല്‍ക്കുകയും ചെയ്തു.
സാമ്പത്തിക വര്‍ഷത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ പ്രധാന തസ്തികകളിലിരിക്കുന്ന ജീവനക്കാരെ സ്ഥലം മാറ്റിയതു നഗരസഭയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നടത്തിപ്പിന്റെ അവസാന ഘട്ടം കൂടിയാണിത്. കൂടാതെ അഞ്ചു വര്‍ഷത്തേക്കുള്ള പതിമൂന്നാം പഞ്ചവത്സര പദ്ധതികളുടെ രൂപീകരണവും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികളുടെ രൂപീകരണവും ഇപ്പോള്‍ തന്നെയാണു നടക്കേണ്ടത്. സെക്രട്ടറിയുടെ അഭാവം ഇതിനേയും ബാധിച്ചിട്ടുണ്ട്.
സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ടാകട്ടെ തന്റെ ജോലിക്കു പുറമേ അധിക ജോലി കൂടി ചെയ്യേണ്ട സ്ഥിതിയിലാണ്. രണ്ടു റവന്യൂ ഇന്‍സ്‌പെക്ടര്‍മാരില്‍ ഒരാള്‍ കഴിഞ്ഞ ആറു മാസമായി പ്രസവാവധിയിലുമാണ്. നിരവധി തവണ നഗരസഭാ അധികൃതര്‍ ഒഴിഞ്ഞുകിടക്കുന്ന സെക്രട്ടറിയുടെ തസ്തിക നികത്തണമെന്നു കാണിച്ചു വകുപ്പധികാരികള്‍ക്കു കത്തു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."