റബറിനു വില കുതിച്ചുയരുന്നു; കര്‍ഷകര്‍ ആഹ്ലാദത്തില്‍
കാസര്‍കോട്: വിലയിടിവിന്റെ പേരില്‍ ദുരിതത്തിലായ റബര്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി റബറിന്റെ വില കുതിച്ചുയരുന്നു. ഇന്നലെ കാഞ്ഞങ്ങാട്ട് മാര്‍ക്കറ്റില്‍ ഗ്രേഡ് ഒന്നിനു 159 രൂപവരെയും ഗ്രേഡ് രണ്ടിനു 150 രൂപവരെയും ലഭിച്ചു. കിലോയ്ക്ക് 90 രൂപയുണ്ടായിരുന്ന റബറിനു ആഭ്യന്തര വിപണിയില്‍ കിലോയ്ക്ക് 160 രൂപയായി വര്‍ധിച്ചതാണ് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടേ ഇതാദ്യമായാണു വില 150നു മുകളില്‍ എത്തുന്നത്.
ഇതോടെ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ റബര്‍ കര്‍ഷകര്‍ക്ക് ഏറേ പ്രതീക്ഷ നല്‍കുകയാണ്. രാജ്യന്തര തലത്തില്‍ റബര്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ റബറിന്റെ കഷ്ടകാലം മാറാന്‍ കാരണമായത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാംങ്കോക്ക് റബറിന് 200 ഉം ക്വാലാലംപൂറിനു 242 മാണ് ലഭിക്കുന്നത്. ഇതോടെ കേരളത്തിലെ വിപണിയില്‍ ഇന്നലെ കിലോക്കു 160 രൂപയായി വര്‍ധിച്ചു.
റബര്‍ പ്രധാനമായും കൃഷി ചെയ്യുന്ന മലയോര പ്രദേശങ്ങളായ വെള്ളരിക്കുണ്ട്, പാണത്തൂര്‍, ബളാല്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കാണു പ്രധാനമായും ഇതിന്റെ ഗുണം ലഭിക്കുക. ഏതാനും ദിവസത്തോടെ മറ്റു പ്രധാന രാജ്യന്തര വിപണികളും സജീവമാകുന്നതോടെ വില ഇനിയും ഉയരുമെന്നതും കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നു. 2013 ജനുവരിയില്‍ രാജ്യാന്തര വില 181 രൂപയിലെത്തിയപ്പോള്‍ ആഭ്യന്തര വിപണിയില്‍ 151 രൂപ വരെ എത്തിയതാണ് ഈയിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വില. അതിനു ശേഷം കുത്തനെ ഇടിഞ്ഞ് 90 രൂപയില്‍ എത്തി. ഇതിനിടെ ചെറിയ ആശ്വാസമെന്നോണം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 144 രൂപയില്‍ എത്തി.
ഇതിനിടെ ആഭ്യന്തര വിപണിയില്‍ വില ഉയരാതിരിക്കാന്‍ ടയര്‍ കമ്പനികള്‍ സംഘടിതമായി റബര്‍ വാങ്ങാതിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. രാജ്യന്തര വിപണിയില്‍ വിലയില്‍ വന്ന മാറ്റം കര്‍ഷകര്‍ക്കു ലഭിക്കാതിരക്കാന്‍ ശ്രമിക്കുന്ന ഈ സംഘത്തിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. വിലയിടിവ് വന്നതിനാല്‍ പലരും റബര്‍ ഉപേക്ഷിച്ചു കവുങ്ങിലേക്കും കശുമാവി കൃഷിയിലേക്കും ചേക്കേറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."