എല്ലുമുറിഞ്ഞ വേദനയ്ക്കും തളര്‍ത്താനായില്ല അഭിനയയെ
തൃശ്ശൂര്‍: കാല്‍ക്കുഴയിലെ എല്ലില്‍ പൊട്ടലിനെ തുടര്‍ന്നുണ്ടായ കഠിന വേദനയെയും തോല്‍പ്പിച്ച് വേദികളില്‍ നിറഞ്ഞാടി അഭിനയ.
സംസ്ഥാന കലോത്സവത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടില്‍ ചെറുതായൊന്ന് വീണതിനെ തുടര്‍ന്നാണ് അഭിനയയുടെ കാലിനു പരുക്കേറ്റത്. എന്നാല്‍ കലയോടുള്ള അഭിനിവേശം കാസര്‍കോട് ജില്ലയിലെ നീലേശ്വരം കക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഈ മിടുക്കിയെ തൃശൂരിലെത്തിച്ചു.
മോഹിനിയാട്ടത്തിലും കേരളനടനത്തിലുമായിരുന്നു പ്രമുഖ നര്‍ത്തകിയായ കലാമണ്ഡലം അജിതയുടെ മകള്‍ കൂടിയായ അഭിനയക്ക് മത്സരിക്കാനുണ്ടായിരുന്നത്.
വേദന കടിച്ചമര്‍ത്തി മോഹിനിയാട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച അഭിനയക്ക് കാലിലെ പരുക്ക് ബി ഗ്രേഡാക്കി. ഇന്ന് ഒന്നാംവേദയിലില് കേരളനടനത്തിന് കയറിയ അഭിനയ കാലില്‍ ബാന്റേജ് കെട്ടിയാണ് മത്സരിച്ചത്. കാലിലെ വേദന ശരീരത്തെ മുഴുവന്‍ ബാധിച്ചപ്പോഴും മുഖത്തെ ലാസ്യഭാവങ്ങള്‍ അസാമാന്യ മികവോടെ അവതരിപ്പിച്ച അഭിനയ നൃത്തം പൂര്‍ത്തിയായതോടെ വേദിയില്‍ കുഴഞ്ഞുവീണു.
തുടര്‍ന്ന് പ്രാഥമിക ചികിത്സ കലോത്സവ നഗരിയിലെ മെഡിക്കല്‍ സംഘം തന്നെ നല്കി. പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് കാല്‍ക്കുഴയില്‍ പൊട്ടലുണ്ടെന്നും രണ്ടാഴ്ചയോളം കാലില്‍ പ്ലാസ്റ്റര്‍ ഇടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അഭിനയക്കായിരുന്നു ഒന്നാം സ്ഥാനം.
എന്നാല്‍ ഇത്തവണ മത്സരിച്ച രണ്ടിനങ്ങളിലും അഭിനയക്ക് അപ്പീലിനെ കൂട്ടുപിടിക്കേണ്ടി വന്നു. മത്സരത്തില്‍ ഗ്രേഡ് എന്തു തന്നെയായാലും ഒന്നാംവേദിയിലെ കാണികളുടെ താരം അഭിനയ തന്നെയാണ്.
വിമുക്ത ഭടനായ വേലായുധനാണ് അഭിനയയുടെ പിതാവ്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയും നൃത്തകലയില്‍ സംസ്ഥാന തലങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത അഭിനവ് ഏകസഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."