പോരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ അധ്യാപകനെ ഉപരോധിച്ചു
വണ്ടൂര്‍: വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുന്നതായി ആരോപിച്ച് അധ്യാപകനെതിരേ പ്രതിഷേധം. അധ്യാപകനെതിരേ നടപടിയാവശ്യപ്പെട്ടു പോരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച വിദ്യാര്‍ഥികള്‍ അധ്യാപകനെ ഉപരോധിച്ചു.
ആരോപണവിധേയനായ അധ്യാപകന്‍ ഇന്നലെ സ്‌കൂളിലെത്തിയതോടെ വിദ്യാര്‍ഥികള്‍ സമരം നടത്തുകയായിരുന്നു. സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം സാമ്പത്തികശാസ്ത്ര അധ്യാപകനെതിരേയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകന്റെ പെരുമാറ്റത്തില്‍ സഹികെട്ട വിദ്യാര്‍ഥിനികള്‍ സ്‌കൂളിലെ പരാതിപ്പെട്ടി വഴി പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അധ്യാപികമാരുടെ സാന്നിധ്യത്തില്‍ കുട്ടികളെ വിളിച്ച് അന്വേഷണം നടത്തി.
പ്രിന്‍സിപ്പല്‍ അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍ കുട്ടികളുടെ പരാതി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ്, മലപ്പുറം ആര്‍.ഡി.ഡി. എന്നിവിടങ്ങളിലേക്ക് ഫോര്‍വേഡ് ചെയ്യുകയും അധ്യാപകനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഏതാനും ദിവസങ്ങളിലായി അവധിയിലായിരുന്ന അധ്യാപകന്‍ ഇന്നലെ സ്‌കൂളിലെത്തിയതോടെയാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് ഉപരോധസമരം നടത്തിയത്.
തുടര്‍ന്നു വണ്ടൂരില്‍നിന്ന് അഡീഷണല്‍ എസ്.ഐ അബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലിസെത്തി പ്രിന്‍സിപ്പല്‍ മേരി സേവ്യര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അധ്യാപകനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നും സ്‌കൂളില്‍ തുടരുകയാണെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും എസ്.എഫ്.ഐ ഏരിയാ സെക്രെട്ടറി ടി. ജുനൈദ് പറഞ്ഞു.
സംഭവമറിഞ്ഞ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും സ്‌കൂളിലെത്തി കുട്ടികളില്‍നിന്ന് വിവരശേഖരണംനടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."