ഒപെക് ധാരണയേക്കാളും എണ്ണ ഉല്‍പാദനത്തില്‍ കുറവ് വരുത്തി സഊദി
ജിദ്ദ: ഒപെക് ധാരണയേക്കാളും 78000 ബാരല്‍ എണ്ണ ഉല്‍പാദനത്തില്‍ കുറവ് വരുത്തി സഊദി. നവംബര്‍ 30 ന് ഒപെക് രാജ്യങ്ങളുണ്ടാക്കിയ ധാരണ പ്രകാരം സഊദി പ്രതിദിന ഉല്‍പാദനത്തില്‍ 4,86,000 ബാരലിന്റെ കുറവാണ് വരുത്തേണ്ടിയിരുന്നത്. എന്നാല്‍ 5,64,000 ബാരലിന്റെ കുറവാണ് സഊദി വരുത്തിയിരിക്കുന്നത്.
ആഗോള വിപണിയില്‍ ആവശ്യവും ലഭ്യതയും തമ്മില്‍ കൂടുതല്‍ സന്തുലനമുണ്ടാക്കുന്നതിനും വില ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് സഊദി ഉല്‍പാദനം വീണ്ടും കുറച്ചത്. ഒപെക്കിന്റെയും, ഇതര രാജ്യങ്ങളുടെയും ആകെ ഉല്‍പാദനത്തില്‍ പ്രതിദിനം 18 ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്നതിനാണ് ഒപെക് ലക്ഷ്യമിട്ടത്. ഇതില്‍ മൂന്നിലൊന്നോളമാണ് സഊദി അറേബ്യ ഒറ്റക്ക് കുറവ് വരുത്തിയത്.
ഒപെക് രാജ്യങ്ങള്‍ മൊത്തത്തില്‍ ജനുവരിയില്‍ 9,58,000 ബാരലിന്റെ കുറവാണ് ഉല്‍പാദനത്തില്‍ വരുത്തിയത്. 11,64,000 ബാരലിന്റെ കുറവ് വരുത്തുന്നതിനാണ് ഒപെക് രാജ്യങ്ങള്‍ പരസ്പര ധാരണയിലെത്തിയിരുന്നത്. ഈ ലക്ഷ്യത്തേക്കാള്‍ പതിനെട്ടു ശതമാനം കുറവാണ് ഒപെക് രാജ്യങ്ങള്‍ കൈവരിച്ചത്. ഒപെക് രാജ്യങ്ങള്‍ വരുത്തിയ കുറവില്‍ 60 ശതമാനവും സഊദിയുടെ വകയാണ്. സഊദിയും കുവൈത്തും യു.എ.ഇയും ചേര്‍ന്ന് ഒപെക് ഉല്‍പാദനത്തില്‍ 82 ശതമാനത്തിന്റെ കുറവ് വരുത്തി.
വാഗ്ദാനം ചെയ്തതിന്റെ 18 ശതമാനം മാത്രമാണ് അള്‍ജീരിയയും വെനിസ്വേലയും കുറവ് വരുത്തിയത്. ഇറാഖ് വാഗ്ദാനം ചെയ്തതിന്റെ 24 ശതമാനം കുറവ് വരുത്തി. ജനുവരിയില്‍ എണ്ണയുല്‍പാദക രാജ്യങ്ങള്‍ ആകെ 14 ലക്ഷം ബാരലിന്റെ കുറവാണ് വരുത്തിയതെന്ന് റഷ്യന്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നോവാക് പറഞ്ഞു.
റഷ്യ മാത്രം പ്രതിദിന ഉല്‍പാദനത്തില്‍ 1,17,000 ബാരലിന്റെ കുറവ് വരുത്തി. ഈ വര്‍ഷം ആദ്യ പാദം അവസാനിക്കുന്നതോടെ പ്രതിദിന ഉല്‍പാദനത്തില്‍ രണ്ടു ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്നതിനാണ് റഷ്യ ലക്ഷ്യമിടുന്നത്. ക്രമേണ ഉല്‍പാദനത്തില്‍ മൂന്നു ലക്ഷം ബാരലിന്റെ കുറവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."