ലോ അക്കാദമി സമരം: വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട മിനുട്‌സ് ഹാജരാക്കി
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത് ഗവേണിങ് കൗണ്‍സിലിന്റെ അംഗീകാരത്തോടെയെന്ന് മാനേജ്‌മെന്റ്. ഇത് സംബന്ധിച്ച് തീരുമാനമെടുത്ത യോഗത്തിന്റെ മിനുട്ട്‌സിന്റെ പകര്‍പ്പ് ജില്ലാ ഭരണകൂടത്തിന് കോളജ് മാനേജ്‌മെന്റ് കൈമാറി. ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരാണ് മിനുട്‌സിന്റെ പകര്‍പ്പ് എ.ഡി.എമ്മിന് കൈമാറിയത്.
മിനുട്‌സ് പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും വിദ്യാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് മിനുട്‌സ് പരിശോധിച്ചതിനു ശേഷമായിരിക്കുമെന്നും എ.ഡി.എം സാമുവല്‍ വി ജോണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ ലക്ഷ്മി നായരെ മാറ്റി കൊണ്ടുള്ള 21 പേരടങ്ങിയ ഗവേണിങ്ങ് ബോഡിയുടെ മിനുട്‌സ് കാണിക്കാന്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ മിനുട്‌സ് വിദ്യാര്‍ഥികളെ കാണിക്കാന്‍ കഴിയില്ലെന്ന് നാരായണന്‍ നായര്‍ അറിയിച്ചു. തുടര്‍ന്ന് കണ്ടേതീരൂ അല്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥികളും പറഞ്ഞു. തുടര്‍ന്നാണ് ഇന്നലെ രാവിലെ മിനുട്‌സ് ഹാജരാക്കാമെന്ന് അറിയിച്ചു. ഇന്നലെ രാവിലെ 11മണിയ്ക്ക് വീണ്ടും യോഗം കൂടാന്‍ തീരുമാനിച്ചെങ്കിലും മാനേജ്‌മെന്റ് മിനുട്‌സ് ഹാജരാക്കിയില്ല. ഉച്ചയ്ക്ക് ശേഷം മിനുട്‌സ് ഹാജരാക്കി.
അതേ സമയം, ലക്ഷ്മി നായരെ പുറത്താക്കിയ തീരുമാനം കൈക്കൊണ്ട യോഗത്തിന്റെ മിനുട്‌സ് കിട്ടിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പറഞ്ഞു. മിനുട്ട്‌സിനൊപ്പം ലക്ഷ്മി നായര്‍ രാജിവെച്ചു എന്നതിന്റെ തെളിവും നല്‍കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഇനി മന്ത്രിയുമായി മാത്രമേ ചര്‍ച്ചയുള്ളൂവെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയോ മന്ത്രിസഭയിലെ മറ്റേതെങ്കിലും മന്ത്രിയോ മുന്‍കൈയ്യെടുത്ത് ചര്‍ച്ച നടത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
ജില്ലാ ഭരണകൂടവുമായി ഇനി ചര്‍ച്ചയില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. മിനുട്ട്‌സിന്റെ പകര്‍പ്പ് നല്‍കിയാല്‍ സമരത്തില്‍ നിന്ന് പിന്‍മാറാമെന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥി സംഘടനകള്‍ കൈക്കൊണ്ട നിലപാട്. അതിനിടെ കേരളാ ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അടിയന്തര യോഗം തിങ്കളാഴ്ച ചേരും. കോളജിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. നേരത്തെ ഉപസമിതി റിപ്പോര്‍ട്ട് പരിശോധിച്ച സര്‍വകലാശാല, ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ സംബന്ധമായ ജോലികളില്‍ നിന്ന് ഡീബാര്‍ ചെയ്തിരുന്നു.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മറ്റ് നടപടികളൊന്നും സ്വീകരിക്കാതെ സര്‍ക്കാരിന് വിട്ട റിപ്പോര്‍ട്ട് പ്രശ്‌നത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയ്ക്ക് മടക്കി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അടിയന്തര യോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."