പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനക്കമില്ല
പുല്‍പ്പള്ളി: ടൗണിലും പരിസരങ്ങളിലും കബനി കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. ടൗണിലെ ബസ് സ്റ്റാന്‍ഡ് പരിസരത്തും വിജയ സ്‌കൂള്‍ പരിസരത്തും താഴെയങ്ങാടിയിലും അനശ്വര ജങ്ഷന്‍ പരിസരത്തും പൈപ്പ് പൊട്ടി ജലം പാഴാകുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമായിട്ടുപോലും അധികൃതര്‍ നിസ്സംഗത തുടരുകയാണ്. ഇത് മൂലം കബനി കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ ദുരിതത്തിലായി. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പുല്‍പ്പള്ളി ടൗണില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ തലങ്ങും വിലങ്ങും ട്രഞ്ച് പ്രവൃത്തി നടത്തുന്നത് കാരണം പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. ഇതുമൂലം നിലവിലുള്ള കബനി കുടിവെള്ള പദ്ധതിയില്‍ നിന്നും ജലം ഉപയോഗിച്ചിരുന്നവരാണ് ഏറെ വലയുന്നത്. ടൗണിലെ ട്രഞ്ച് നിര്‍മാണം വേഗത്തിലാക്കി കുടിവെള്ളത്തിന്റെ പൈപ്പുകളുടെ തകരാറുകള്‍ പരിഹരിക്കാന്‍ ജല അതോറിറ്റിയും പഞ്ചായത്ത് തയാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."