ഉദയംപേരൂര്‍ ഐ.ഒ.സി ഗ്യാസ് ബോട്ടിലിങ് പ്ലാന്റില്‍ തൊഴിലാളിക്ക് തീ പൊള്ളലേറ്റു
തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഗ്യാസ് ബോട്ടിലിങ് പ്ലാന്റില്‍ കരാര്‍ തൊഴിലാളിക്ക് തീ പൊള്ളലേറ്റു.
ഇവിടെ പമ്പ് ഹൗസ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുകയായിരുന്ന കരാര്‍ തൊഴിലാളി പെരുമ്പളം സ്വദേശി അഖില്‍രാജ് (28 ) നാണു പൊള്ളലേറ്റത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അഖില്‍രാജ്. 45 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രി രണ്ടു മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. പ്ലാന്റിലെ വൈദ്യുതി ലൈനില്‍ നിന്നും ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് യാതൊരു സൗകര്യവും കമ്പനിയില്‍ ഉണ്ടായിരുന്നില്ല.
കമ്പനിയിലെ മറ്റൊരു തൊഴിലാളിയുടെ ബൈക്കിനു പിന്നില്‍ ഇരുത്തിയാണ് ഇയാളെ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ എത്തിച്ചത്. പൊള്ളല്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അഖില്‍ രാജിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
കമ്പനിയില്‍ ഗതാഗത സൗകര്യമില്ലാത്തതില്‍ സംഭവത്തില്‍ പ്രതിഷേധിച്ചു കമ്പനി മാനേജ്മെന്റ് ഓഫീസിനു മുന്നില്‍ തൊഴിലാളികള്‍ സമരം നടത്തി. ഇന്നലെ വൈകുന്നേരം മുതല്‍ ഒരു വിഭാഗം കരാര്‍ തൊഴിലാളികള്‍ പണിമുടക്കിലേര്‍പ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."