കെ.എസ്.ആര്‍.ടി.സി പണിമുടക്ക്: പകുതിയിലധികം സര്‍വീസുകള്‍ മുടങ്ങി; യാത്രക്കാര്‍ വലഞ്ഞു
കൊച്ചി: ശമ്പളം മുടങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ഒരുവിഭാഗം ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് ജില്ലയില്‍ കാര്യമായി ബാധിച്ചു. പല ഡിപ്പോകളിലും പകുതിയില്‍ താഴെ സര്‍വീസുകള്‍ മാത്രമാണ് നടന്നത്. ദിവസേന 118 സര്‍വീസുകള്‍ നടക്കുന്ന എറണാകുളം ഡിപ്പോയില്‍ പണിമുടക്കുമൂലം 20 സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ നടത്താനായത്. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ അടക്കം ഇതേ തുടര്‍ന്ന് മുടങ്ങി. ഒരു തിരുക്കൊച്ചി സര്‍വീസ് മാത്രമാണ് എറണാകുളത്തു നിന്നും ഓടിയത്. ഇതോടെ എറണാകുളം ബസ് സ്റ്റാന്‍ഡില്‍ ബസ്സ് കാത്തുനിന്ന് യാത്രക്കാര്‍ ഏറെ വലഞ്ഞു.
പണിമുടക്കില്‍ പറവൂര്‍ ഡിപ്പോയിലെ ഭൂരിപക്ഷം തൊഴിലാളികളും പങ്കെടുത്തു. ആകെയുള്ള 411 തൊഴിലാളികളില്‍ 80 പേരൊഴികെ മുഴുവന്‍ തൊഴിലാളികളും സമരത്തിന് അനുഭാവം പ്രകടപ്പിച്ചു. പറവൂരില്‍ നിന്നുള്ള 77 ഷെഡ്യൂളുകളില്‍ 12 ഷെഡ്യൂളുകള്‍ മാത്രമാണു സര്‍വീസ് നടത്തിയത്. ഇരുന്നൂറോളം ട്രിപ്പുകളുടെ സ്ഥാനത്തു ഷെഡ്യൂളുകളുടെ എണ്ണം കണക്കാക്കിയാല്‍ മൊത്തം ട്രിപ്പുകള്‍ 37 എണ്ണം മാത്രമായിരുന്നു.
ഏറ്റവും കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകളുള്ള ആലുവ-പറവൂര്‍ മേഖലയില്‍ 20 ട്രിപ്പുകള്‍ മാത്രമേ ഉണ്ടായുള്ളു. സര്‍വീസുകള്‍ നിലച്ചതിനാല്‍ ഈ റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി. വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും മറ്റു സാധാരണ യാത്രക്കാരും ഉള്‍പ്പെടുള്ളവര്‍ ബസ് കിട്ടാതെ വലഞ്ഞു.
പണിമുടക്കിയ തൊഴിലാളികള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു തടിച്ചുകൂടിയതിനാല്‍ മറ്റു ഡിപ്പോകളില്‍നിന്നുള്ള വണ്ടികള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ചില്ല. സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ടൗണ്‍ ചുറ്റാതെ കെ.എം.കെ കവല വഴി നേരെ പോയി. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കു പുറമെ മെക്കാനിക്കല്‍ വിഭാഗത്തിലെയും ഓഫിസ് ജീവനക്കാരും പണിമുടക്കില്‍ പങ്കുചേര്‍ന്നതതോടെ പണിമുടക്കു പൂര്‍ണ്ണമായി. ആലുവ ഡിപ്പോയില്‍ 70 ല്‍ 34 സര്‍വ്വീസുകളും പിറവം ഡിപ്പോയില്‍ 45 ല്‍ 25 സര്‍വ്വീസുകളും കോതമംഗലത്ത് 50 ല്‍ 38 സര്‍വ്വീസുകളും ഓടിയതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ശമ്പളം കൃത്യമായി നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ പണിമുടക്കില്‍ ഐ.എന്‍.ടി.യു.സി ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടി.ഡി.എഫ്), ബി.എം.എസിന്റെ കെ.എസ്.ടി എംപ്ലോയീസ് സംഘ്, എ.ഐ.ടി.യു.സി യുടെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ എന്നീ സംഘടനകളാണ് വ്യാഴാഴ്ച രാത്രി 12 മുതല്‍ ഇന്നലെ രാത്രി 12 വരെ നടന്ന സമരത്തില്‍ പങ്കെടുത്തത്. പണിമുടക്കിയ ജീവനക്കാര്‍ സംയുക്തമായി രാവിലെ എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുമുമ്പില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."