പത്മ ദളങ്ങള്‍
പത്മ തിളക്കത്തിലാണ് കേരളം. ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തില്‍നിന്നു കൈയൊപ്പു വച്ചത് ആറു പേരാണ്. ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് പത്മവിഭൂഷനും അക്കിത്തം അച്യുതന്‍ നമ്പൂതിരിക്കും ഗുരു ചേമഞ്ചേരിക്കും മീനാക്ഷി അമ്മയ്ക്കും പാറശാല ബി. പൊന്നമ്മാളിനും ശ്രീജേഷിനും പത്മശ്രീയും ലഭിച്ചു. ആറുപേരും അവരുടെ കര്‍മമണ്ഡലങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചവര്‍.
മലയാളി ഉള്ളിടത്തോളം യേശുദാസ് ആലപിച്ച ഗാനങ്ങള്‍ അനശ്വരമാകും. ആട്ടവിളക്കിന്റെ മുന്‍പില്‍ ഒരു പുരുഷായുസ് ആടിത്തീര്‍ത്ത ഗുരു ചേമഞ്ചേരിയും ആയോധനകലയില്‍ മികവു തെളിയിച്ച കളരി ഗുരു മീനാക്ഷിയമ്മയും കോഴിക്കോടിനു നല്‍കിയത് പത്മത്തിളക്കമാണ്.
ഇനി പത്മശ്രീ ഗുരു
99-ാം വയസിലും ആട്ടവിളക്കിനു മുന്‍പില്‍ കഥകളിയാടുന്ന മറ്റൊരു കലാകാരനെ കാണാനാകില്ല. പതിനഞ്ചാം വയസില്‍ തുടങ്ങിയ കലാതപസ്യ നൂറിന്റെ നിറവിലും കാത്തുസൂക്ഷിക്കുന്ന മഹാപ്രതിഭയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. വൈകിയെങ്കിലും ഗുരുവിനെ തേടി പത്മശ്രീ എത്തുമ്പോള്‍ നൂറിന്റെ നിറവിലും നവരസങ്ങള്‍ പകര്‍ന്നു നല്‍കിയതിനുള്ള അംഗീകാരം കൂടിയാണിത്. 101-ാം വയസിലും യുവാവിന്റെ ചുറുചുറുക്കോടെ കോഴിക്കോട് ചേമഞ്ചേരി ചേലിയ കഥകളി വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും പങ്കാളിയാകുന്നു. മുദ്രകള്‍ അവതരിപ്പിക്കുമ്പോള്‍ നൂറാണ്ട് പിന്നിട്ട ശരീരത്തിന്റെ അവശതകള്‍ തളര്‍ത്തിയിട്ടില്ല. ആട്ടവിളക്കിനു മുന്‍പില്‍ സര്‍വാഭരണങ്ങളോടെ കഥകളിയാടാന്‍ ഇപ്പോഴും തയാറാണ്.
ചുട്ടി കുത്തി ആട്ടവിളക്കിനു മുന്‍പിലെത്തിയാല്‍ ഇന്നും ചേമഞ്ചേരിക്ക് നിറയൗവനം. നൂറിന്റെ നിറവാഘോഷങ്ങളില്‍ ആട്ടക്കഥകളിലെ കൃഷ്ണവേഷങ്ങള്‍ സമന്വയിപ്പിച്ചു തയാറാക്കിയ കൃഷ്ണപര്‍വത്തില്‍ കഴിഞ്ഞ വര്‍ഷവും ഗുരു അരങ്ങിലെത്തിയിരുന്നു.
കളരിയുടെ തറവാട്ടമ്മ
വയസ് 76 ആയെങ്കിലും പിഴക്കാത്ത അടവും ചുവടുമാണ് മീനാക്ഷിയമ്മയ്ക്ക്. കടത്തനാടന്‍ കളരിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് പത്മശ്രീയുടെ നിറവില്‍ അവര്‍ കയറുന്നത് കളരിപ്പയറ്റിന്റെ ചരിത്രത്തിലേക്കാണ്. ഇന്നും ശിഷ്യര്‍ക്ക് കളരിമുറകള്‍ പകര്‍ന്നു നല്‍കുന്ന ഏറ്റവും പ്രായമുള്ളവരില്‍ ഒരാളാണ് വടകരക്കടുത്ത മീനാക്ഷിയമ്മ.
പ്രായം ഇത്രയായെങ്കിലും മെയ്‌വഴക്കത്തിനും ചുവടുകള്‍ക്കും പതിനെട്ട് വയസിന്റെ ചടുലതയാണ്. വാളും പരിചയയുമായി ശിഷ്യര്‍ക്ക് ആയോധനകല പറഞ്ഞു കൊടുക്കുന്ന മീനാക്ഷിയമ്മ ബംഗളൂരുവിലും ചെെന്നെയിലും ഉള്‍പ്പെടെ നിരവധി വേദികളില്‍ അഭ്യാസ പ്രകടനകള്‍ നടത്തിയിട്ടുണ്ട്.
നാലു മക്കളും ചെറുമക്കളും കളരി അഭ്യാസികളാണ്. ആയോധനകല എന്നതിനൊപ്പം രോഗമുക്തമായ ശരീരത്തിനും കളരി പരിശീലിക്കുന്നതു നല്ലതാണെന്നാണ് മീനാക്ഷിയമ്മ പറയുന്നത്.
പത്മശ്രീ ശോഭയിലും അടവും ചുവടും മുറകളുമൊക്കെ പറഞ്ഞു കൊടുത്ത് കടത്തനാടന്‍ കളരിയുടെ പാരമ്പര്യം ഒരു ജീവിതമുറ പോലെ കാത്തുസൂക്ഷിച്ച് ഈ അമ്മ ഇപ്പോഴും കളരിയില്‍ മുഴുകുന്നു.
ശുദ്ധ സംഗീതത്തിന്റെ ഉപാസക
എട്ടു പതിറ്റാണ്ടു നീണ്ട ശുദ്ധസംഗീതത്തിന്റെ ഉപാസകയ്ക്ക് രാജ്യം നല്‍കുന്ന ആദരവാണ് പാറശാല പൊന്നമ്മാളിനെ തേടിയെത്തിയ പത്മശ്രീ. 93-ാം വയസില്‍ ഈ ബഹുമതി തേടിയെത്തുമ്പോഴും സംഗീതവേദികളില്‍ സജീവമാണ് അവര്‍.
പരമ്പരാഗത സംഗീതശൈലിയില്‍ മാറ്റംവരുത്താതെ സംഗീതോപാസന നടത്തിയ അവര്‍ നിരവധി ശിഷ്യസമ്പത്തിന് ഉടമയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തില്‍ ആദ്യമായി പാടിയ വനിത. എം.എസ് സുബ്ബലക്ഷ്മിയില്‍ ആകൃഷ്ടയായി സംഗീതരംഗത്തേക്കു വന്നു. പിന്നീട് സംഗീതലോകത്ത് സ്വന്തം പാത വെട്ടിത്തുറന്നു.
സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍നിന്നു ഗാനഭൂഷണം പാസായ ആദ്യവനിത. 18-ാം വയസില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംഗീത അധ്യാപികയായി. 1952ല്‍ സ്വാതി തിരുനാള്‍ സംഗീത അക്കാദമിയിലും അധ്യാപിക. 1970ല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളജില്‍ പ്രിന്‍സിപ്പല്‍. 1980ല്‍ വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു. 60 വര്‍ഷമായി ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ്. ഇപ്പോള്‍ തിരുവനന്തപുരം വലിയശാലയിലാണ് താമസം.
കളിക്കളത്തിന്റെ മുഖശ്രീ
ഹോക്കിക്ക് വേരോട്ടമേതുമില്ലാത്ത കേരളത്തില്‍ നിന്നുള്ള ശ്രീജേഷിന്റെ വളര്‍ച്ചയും നേട്ടങ്ങളും അത്ഭുതമാണ്. കളിക്കളത്തില്‍ കളിമറക്കാത്ത ശ്രീജേഷിനെ തേടി പത്മശ്രീ കൂടി എത്തുമ്പോള്‍ മലയാളികളുടെ മനസുകളിലാണ് ആരവമുയരുന്നത്.
എറണാകുളം കിഴക്കമ്പലത്തെ സാധാ കര്‍ഷക കുടുംബത്തില്‍ ജനനം. കായിക പശ്ചാത്തലമില്ല. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ അപ്രതീക്ഷിതമായി ഹോക്കി കളത്തില്‍. പ്ലസ് ടുവില്‍ എത്തിയപ്പോള്‍ ദേശീയ ജൂനിയര്‍ ടീമിന്റെ ഭാഗമായി അരങ്ങേറ്റം. പിന്നെ രാജ്യം കണ്ടത് ശ്രീജേഷിന്റെ മിന്നും പ്രകടനങ്ങള്‍. 2006ല്‍ സീനിയര്‍ ടീമില്‍, ഒരുപതിറ്റാണ്ടായി ഇന്ത്യന്‍ ഹോക്കിയുടെ ഗോള്‍വലയം കാത്തു. അര്‍ജുന അവാര്‍ഡിനു പിന്നാലെയാണ് ശ്രീയെ തേടി പത്മശ്രീ എത്തുന്നത്. ഉണര്‍വ് കൈരളിയ്ക്കു മാത്രമല്ല, രാജ്യത്തെ കളിക്കളങ്ങള്‍ക്കു കൂടിയാണ്.
പാട്ടിന്റെ പാലാഴി
മൂന്നു തലമുറയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും യേശുദാസിന്റെ സ്വരമാധുരിയുടെ പിന്നണിയുണ്ട്. അഞ്ചര പതിറ്റാണ്ടായി യേശുദാസ് പാടിക്കൊണ്ടേയിരിക്കുന്നു, മലയാളിയുടെ മനസില്‍ കുളിര്‍മഴയായി. 1961 നവംബര്‍ 16നാണ് യേശുദാസ് ആദ്യഗാനം ആലപിക്കുന്നത്. 'ജാതിഭേദം മതദ്വേഷം...' എന്ന പാട്ടാണ് ആദ്യം പാടിയത്. പിന്നെ അരലക്ഷത്തിനടുത്ത പാട്ടുകള്‍... ഇപ്പോഴും നിലയ്ക്കാത്ത നാദമാണ് ആ സ്വരമാധുരി.
'അന്‍പതും നൂറും വര്‍ഷം പാടിയതുകൊണ്ടു കാര്യമില്ല, ഇപ്പോള്‍ എന്തു ചെയ്യുന്നുവെന്നതിലാണ് കാര്യം...' യേശുദാസ് തന്നെ പറയുന്നതാണിത്. ഈ നിശ്ചയദാര്‍ഢ്യമാണ് ഈ കലാകാരന്റെ വിജയരഹസ്യവും. കശ്മിരി, ആസാമീസ് ഭാഷയൊഴികെ മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളും തന്റെ ശബ്ദമാധുര്യം കൊണ്ട് യേശുദാസ് സമ്പന്നമാക്കിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന അദ്ദേഹത്തെ തേടിയാണ് ഒടുവില്‍ പത്മവിഭൂഷനും എത്തിയിരിക്കുന്നത്.
തമസിനെ പ്രണയിച്ച കവി ഹൃദയം
'വെളിച്ചം ദുഖമാണുണ്ണീ തമസല്ലോ സുഖപ്രദം' എന്ന് ആറു പതിറ്റാണ്ടിനു മുന്‍പ് എഴുതിവച്ച കവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. ഇടതുപക്ഷ സഹയാത്രികനായിരുന്ന അക്കിത്തം പ്രസ്ഥാനത്തോടുള്ള വിയോജിപ്പിന്റെ അടയാളമായി കോറിയിട്ടതാണ് ഈ കവിത. ഇതോടെ കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. എന്നാല്‍ ചരിത്രം അക്കിത്തത്തിനൊപ്പമായിരുന്നു. അദ്ദേഹം വീണ്ടും എഴുതി, മാനവികതയിലും ആത്മീയതയിലും ദാര്‍ശനികതയിലും ചുറ്റപ്പെട്ട കവിതകള്‍ നൂറ്റാണ്ടിലെ മഹാകവിയാക്കി. ഇപ്പോള്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളില്‍ ഒന്നായ പത്മശ്രീയും.
പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനനം. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46ഓളം കൃതികള്‍ മഹാകവിയുടെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."