മനുഷ്യരാണ്, മറന്നു പോവരുത്
മലയാളി ഏറ്റവും മര്യാദകെട്ട് പെരുമാറുന്നത് നടുറോഡിലാണ്. നാലാള്‍ കാണാനുണ്ടെങ്കില്‍ പറയുകയും വേണ്ട. നിയമലംഘനത്തിന് വീരസ്യം കൂടും. ആരെയും വെല്ലാനും കൊല്ലാനും ലൈസന്‍സുണ്ടെന്ന അവസ്ഥയില്‍ ലക്കും ലഗാനുമില്ലാതെ ചീറിപ്പായുന്ന ഇവരെ കണ്ടാല്‍ ജീവനും കൈയിലെടുത്ത് ഓടുകയേ മാനവും മര്യാദയുമുള്ളവര്‍ക്ക് ഗതിയുള്ളൂ. നിയമം ലംഘിക്കാനുള്ളതാണ് എന്നതാണ് വാഹനം ഓടിക്കുന്നവരുടെ പൊതു നിലപാട്. മറവികൊണ്ടോ നിവൃത്തികേടുകൊണ്ടോ സംഭവിച്ചുപോവുന്നതല്ല ഈ നിയമലംഘനങ്ങള്‍. ഹെല്‍മറ്റ് ഉണ്ടായാലും തലയില്‍ വയ്ക്കില്ല; ബൈക്കിന്റെ ഹാന്‍ഡ്‌ലില്‍ തൂക്കിയിടുകയേ ഉള്ളൂ. സീറ്റ് ബെല്‍റ്റിന്റെ കാര്യത്തിലും ഇതേ നിഷേധ നിലപാടാണ്. ഡ്രൈവിങ് സീറ്റിലിരുന്നാലുടന്‍ മൊബൈല്‍ ഫോണ്‍ കൈയിലെടുക്കുക ശീലമായി പലര്‍ക്കും. മദ്യപിച്ച് വണ്ടിയോടിക്കുന്നതും അമിതവേഗതയില്‍ കുതിക്കുന്നതും ഹീറോയിസമായി.
പിന്നിലുള്ള വാഹനങ്ങള്‍ക്ക്, അത് ആംബുലന്‍സായാലും വഴിമാറിക്കൊടുക്കുന്നത് കുറച്ചിലാണ്. തുരുതുരെ ഹോണടിക്കുന്നതും ഇടതുവശത്തുകൂടി മറികടക്കുന്നതും പതിവ് കാഴ്ചയായി. വാഹനമോടിക്കുന്ന സ്ത്രീകളെയോ ഭിന്നശേഷിക്കാരെയോ ഇവര്‍ തെല്ലും പരിഗണിക്കുകയുമില്ല. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നവരെപ്പോലും ഇടിച്ചിട്ടേ പോവൂ. ആരെങ്കിലും ചോദ്യം ചെയ്താല്‍ തെറിവിളിച്ച് വശംകെടുത്തിക്കളയും. വലിയ വണ്ടിക്കാര്‍ക്ക് ഇടത്തരം വണ്ടിക്കാരോടും ഇവര്‍ക്ക് ഇരുചക്രവാഹനക്കാരോടും എന്ത് പോക്കിരിത്തരവും കാണിക്കാം എന്നൊരു അലിഖിത നിയമവുമുണ്ട് പൊതുനിരത്തുകളില്‍. കാല്‍നടക്കാരനെതിരെ കച്ചകെട്ടുന്നതില്‍ ഇവരെല്ലാം ഒന്നാണുതാനും. നടുറോഡില്‍ നടക്കുന്ന നിയമലംഘനങ്ങളുടെ പേരില്‍ കേസെടുക്കുന്നതും ശിക്ഷിക്കപ്പെടുന്നതും പക്ഷെ വളരെ ചെറിയൊരു ശതമാനം മാത്രമാണ്.
കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ നിയമലംഘനത്തിന് കേരളത്തില്‍ റദ്ദാക്കപ്പെട്ടത് 62,911 ഡ്രൈവിങ് ലൈസന്‍സുകളാണ്. മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ടത്. 29,055. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസുകളാണ് തൊട്ടടുത്തത്. ഇതിന്റെ പേരില്‍ 16,673 ലൈസന്‍സുകള്‍ അസാധുവാക്കി. ഓവര്‍ലോഡ്, അമിതവേഗത തുടങ്ങിയവയാണ് ലൈസന്‍സ് റദ്ദാക്കപ്പെട്ട മറ്റു കേസുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒഴികെയുള്ള മാസങ്ങളില്‍ സംസ്ഥാനത്ത് റദ്ദാക്കിയത് 20,437 ഡ്രൈവിങ് ലൈസന്‍സുകളാണ്. മദ്യപിച്ച് വാഹനമോടിച്ചതിന് 9014, വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 5265, ഓവര്‍ലോഡിന് 6025 എന്നിങ്ങനെയാണ് ഇനം തിരിച്ചുള്ള കണക്ക്. അമിതവേഗതയുടെ പേരില്‍ കഴിഞ്ഞ 11 മാസത്തിനിടയില്‍ പിടികൂടിയത് 20,86,77 പേരെയാണ്. ലൈസന്‍സ് റദ്ദാക്കപ്പെട്ടവരില്‍ കൂടുതലും 18-37 വയസ്സിനിടയിലുള്ളവരാണ്. കുറ്റങ്ങളുടെ കാഠിന്യമനുസരിച്ച് മൂന്നുമാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുള്ളത്.
തീര്‍ച്ചയായും ഗതാഗത സുരക്ഷയ്ക്കായി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ല്‍ അപകടങ്ങളുടെയും അപകടങ്ങളില്‍ മരിച്ചവരുടെയും എണ്ണത്തില്‍ കുറവ് വന്നു. 2016ല്‍ 39,420 അപകടങ്ങളുണ്ടായപ്പോള്‍ 2017ല്‍ ഇത് 38,462 ആയി കുറഞ്ഞു. അപകടമരണം 2017ല്‍ 4035 ആണ്. 2016ല്‍ ഇത് 4287 ആയിരുന്നു. ഗുരുതര പരിക്കേറ്റവരുടെ എണ്ണം 30,100ല്‍ നിന്ന് 29,471 ആയും പരിക്കേറ്റവരുടെ എണ്ണം 14,008ല്‍നിന്ന് 12,840 ആയും ഒരു വര്‍ഷത്തിനിടയില്‍ കുറഞ്ഞു.
വണ്ടിയോടിക്കുന്നവരുടെ നിയമലംഘനങ്ങള്‍ മാത്രമല്ല, അപകടങ്ങള്‍ക്ക് ഹേതുവാകുന്നത.് റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതത്തിരക്കും വാഹനങ്ങളുടെ ബാഹുല്യവും അപകടങ്ങള്‍ക്കിടയാകുന്നുണ്ട്. ഇതിന് പുറമെ, വാഹന പരിശോധനക്കെത്തുന്ന നിയമപാലകരുടെ അതിരുവിട്ട നടപടികളും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്ന വസ്തുത കാണാതിരുന്നുകൂടാ. കാസര്‍കോട് അണങ്കൂരില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ എം.ബി.എ വിദ്യാര്‍ഥി സുഹൈലിന്റെ മരണം അത്തരത്തില്‍ ഒന്നാണ്. പൊലിസ് കൈകാണിച്ചപ്പോള്‍ ബൈക്ക് നിര്‍ത്തിയ സുഹൈലിനെ പിന്നാലെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യാതൊരു മുന്‍കരുതലുമില്ലാതെ തിരക്കേറിയ റോഡില്‍ വാഹന പരിശോധനക്കിറങ്ങിയ പൊലിസിന്റെ നിരുത്തരവാദപരമായ പ്രവൃത്തിയുടെ ഇരയാണ് സുഹൈല്‍.
വാഹന പരിശോധന നടത്തുമ്പോള്‍ നിയമപാലകര്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഹൈക്കോടതി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളില്‍ വാഹന പരിശോധന പാടില്ലെന്നടക്കമുള്ള അത്തരം നിര്‍ദേശങ്ങള്‍ പൊലിസ് പലപ്പോഴും അവഗണിക്കുകയാണ് ചെയ്യുന്നത്. ഹെല്‍മറ്റ് വേട്ടക്കിറങ്ങുന്ന നിയമപാലകര്‍ ഭീകരന്മാരോടെന്നപോലെയണ് പെരുമാറുന്നതെന്നും ഇത് അനുവദിക്കില്ലെന്നും ആഭ്യന്തരവകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടും സ്ഥിതിഗതിയില്‍ വലിയ മാറ്റമൊന്നുമില്ല. നിയമലംഘനങ്ങള്‍ പിടികൂടേണ്ടതു തന്നെ. അതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. പക്ഷേ, നിയമം ലംഘിച്ചുകൊണ്ടാവരുത് അതെന്നേ പറയാനുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."